ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവർത്തക സമിതി ഈ വിഷയത്തിൽ പ്രമേയം പാസാക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. പ്രമേയത്തെ രാഹുൽ എതിർത്തില്ല.

ഇന്നു വൈകിട്ട് 5നു ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവിൽ സോണിയ ഗാന്ധിയാണ് പാർലമെന്ററി പാർട്ടി നേതാവ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ വഹിച്ച സ്തുതർഹ്യമായ പങ്കിനെ സിഡബ്ല്യുസി പ്രശംസിച്ചു. ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നടത്തിയ പോരാട്ടത്തെ ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗം പ്രശംസിച്ചു. തിരിച്ചുവരവിനായി കോൺഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാർട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തുടനീളം ഉടനടി സാമൂഹികസാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കർഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളിൽ തീരുമാനമുണ്ടാക്കാനും പാർട്ടി സമ്മർദ്ദം ചെലുത്തുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കി

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് എംപി കുമാരി സെൽജയും പ്രമോദ് തിവാരിയും പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും, ശശി തരൂരും അടക്കം നിരവധി നേതാക്കൾ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ, രാഹുൽ ഗാന്ധിയാണ് മാൻ ഓഫ് ദ മാച്ചെന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളിൽ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവർത്തകരിലും കോടിക്കണക്കിന് വോട്ടർമാരിലും ഇത് വിശ്വാസം വളർത്തി.

യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, ഒ.ബി.സിക്കാർ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളുടെയും ആശങ്കകൾ സസൂക്ഷ്മം ശ്രദ്ധിച്ച രാഹുൽ ഗാന്ധിയുടെ യാത്രകളാണ് പാഞ്ച്ന്യായ്-പച്ചീസ് ഗ്യാരണ്ടി പദ്ധതിക്ക് കാരണമായതെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും സിഡബ്ല്യുസി പ്രമേയത്തിൽ ചൂണ്ടികാട്ടി.

വയനാടിന്റെ കാര്യത്തിൽ തീരുമാനം ഉടൻ

അതേസമയം, റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാൽ അറിയിച്ചു. രാഹുൽ ദേശീയ നേതാവായതിനാൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. എംപിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.