- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കും
അമേഠി: രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കും. യുപിയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2002 ന് ശേഷം നിരവധി തവണ രാഹുൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഡൽഹിയിലെ യോഗത്തിന് ശേഷം മടങ്ങിയെത്തിയ ശേഷമാണ് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ പ്രദീപ് സിംഗാൾ ആണ് രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് ഉടൻ പ്രഖ്യാപിക്കും. വയനാടിന് ഒപ്പമാകും രാഹുൽ അമേഠിയിലും മത്സരിക്കുക എന്നാണ് സൂചന.
2019 വരെ രാഹുൽ പ്രതിനിധീകരിച്ച മണ്ഡലമാണ് അമേഠി. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റു. ഫെബ്രുവരിയിൽ ഭാരത് ജോഡോ ന്യായ് യാത്രയുമായാണ് 2019ലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി അമേഠിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞ് 5 വർഷങ്ങൾക്കിപ്പുറം വോട്ടർമാരോട് സംസാരിച്ചു. അമേഠി പര്യടനത്തിൽ ഉടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു.
തോൽവിയിൽ ഭയന്ന രാഹുലിന് തിരിച്ചുവരാൻ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയിലേക്ക് നീങ്ങാനുള്ള തീരുമാനം. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് കരുതുന്നു.
സിറ്റിങ് എംപി സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിർത്തുക എളുപ്പമാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. പാചക വാതക വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സാധാരണക്കാർക്കിടയിൽ രോഷമുണ്ട്.
റായ്ബറേലിയിൽ പ്രിയങ്കയ്ക്കായി പോസ്റ്ററുകൾ
അതേസമയം സോണിയ ഗാന്ധി രാജ്യസഭാംഗം ആയതോടെ റായ്ബറേലിക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാണ്. പ്രചാരണത്തിന് ഒരുക്കങ്ങൾ തുടങ്ങട്ടെയെന്ന പ്രവർത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ഗാന്ധി ഇനിയും മറുപടി നൽകിയിട്ടില്ല. റായ്ബറേലിയിൽ കോൺഗ്രസ് അനുയായികൾ പ്രിയങ്കയുടെ പോസ്റ്ററുകൾ ഉയർത്തിക്കഴിഞ്ഞു. 'റായ് ബറേലി വിളിക്കുന്നു, പ്രിയങ്കാജി ദയവായി വരു, കോൺഗ്രസിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകൂ', ഒരു പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ. സോണിയ, ഖാർഗെ, രാഹുൽ, ഇന്ദിര ഗാന്ധി, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകളും ഉണ്ട്.
ഈ മണ്ഡലത്തിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.സോണിയയുടെ അഭാവത്തിൽ ആരാകും സ്ഥാനാർത്ഥിയെന്ന് ഉറ്റുനോക്കുകയാണ് ബിജെപി. 2014 ലും, 2019 ലും യുപി ബിജെപിക്ക് അനുകൂലമായിരുന്നെങ്കിലും, റായ്ബറേലി കോൺഗ്രസിന് ഒപ്പം നിന്നു.