- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ വയനാട് ഉപേക്ഷിക്കും, പ്രതിപക്ഷ നേതാവാകും
ന്യൂഡൽഹി: വയനാട്ടിലും, റായ്ബറേലിയിലും വൻഭൂരിപക്ഷത്തോടെ വിജയിച്ച രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ല. വയനാട് സീറ്റ് ഒഴിഞ്ഞാൽ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.
റായ്ബറേലിയിൽ, 3.90 ലക്ഷം വോട്ടിനും വയനാട്ടിൽ, 3.6 ലക്ഷം വോട്ടിനുമാണ് രാഹുൽ ജയിച്ചത്. റായ്ബറേലിയുമായി ഗാന്ധി കുടുബത്തിന് വർഷങ്ങളായുള്ള ബന്ധം കൂടി കണക്കിലെടുത്താണ് തീരുമാനം. 2019 ൽ, യുപിയിൽ കോൺഗ്രസ് ജയിച്ച ഏക ലോക്‌സഭാ സീറ്റ് കൂടിയ3ണ് റായ്ബറേലി. അത് പാർട്ടിയുടെ അഭിമാന സീറ്റെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
രണ്ടുസീറ്റിലും വിജയിച്ച രാഹുൽ ഏതുതിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു. രണ്ട് മണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഫലമറിഞ്ഞ് 14 ദിവസത്തിനകം, ഒരെണ്ണത്തിൽ ഒഴിയണം. അങ്ങനെ ചെയ്യാതിരുന്നാൽ രണ്ടുസീറ്റും ഒഴിഞ്ഞതായി കണക്കാക്കപ്പെടും.
രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് പ്രതികരിച്ചിരുന്നു. റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തട്ടകമാണ്. യുപി പിസിസിയുടെ നിലപാട് രാഹുലിനെ അറിയിച്ചു കഴിഞ്ഞുവെന്നും അജയ് റായ് പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇരുപതുകൊല്ലമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് യുപിയിലെ റായ്ബറേലി.
അതേസമയം, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയിൽ ആവശ്യം. എല്ലാ സംസ്ഥാന പിസിസികളും രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ പ്രതിപക്ഷ നേതാവായാൽ അത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
രാഹുൽ 140 കോടി ജനങ്ങളുടെ ശബ്ദമാണെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭിപ്രായപ്പെട്ടത്. "പ്രവർത്തക സമിതിയുടെ തീരുമാനം എന്താണെന്ന് അറിയില്ല. 140 കോടി ജനങ്ങളുടെ ആവശ്യം തന്നെയാണ് ഞങ്ങളുടെ ആവശ്യവും. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്നതാണ് അത്. തൊഴിൽരഹിതർക്കും സ്ത്രീകൾക്കും വേണ്ടി പോരാട്ടം നയിച്ച ആളാണ് രാഹുൽ"രേവന്ത് റെഡ്ഡി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ, രാഹുൽ ഗാന്ധിയാണ് മാൻ ഓഫ് ദ മാച്ചെന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള നാലാമത്തെ വിജയത്തിന് ശേഷം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജ്യമെമ്പാടും വ്യാപക പ്രചാരണം നടത്തി. എന്നാൽ, ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാൽ രാഹുൽ ലോക്‌സഭയിൽ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പ്രവർത്തകസമിതിയിൽ സംസാരിച്ച അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തിരഞ്ഞെടുപ്പ് വിജയത്തിന് എല്ലാവരോടും നന്ദി പറഞ്ഞു. വിജയത്തിൽ നിർണായക ഘടകമായത് ഭാരത് ജോഡോ യാത്രയാണ്. യാത്ര കടന്നുപോയ വഴികളിലെല്ലാം സീറ്റും വോട്ട് ശതമാനവും വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ പാർലമെന്ററി പാർട്ടിയുടെ ചെയർപേഴ്‌സനായി തിരഞ്ഞെടുക്കും. സോണിയ ഗാന്ധി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.