ന്യൂഡൽഹി: രാജസ്ഥാനിൽ മഹന്ത് ബാലക്‌നാഥ് യോഗി മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം. ബാലക് നാഥിനെ പാർട്ടി ദേശീയനേതൃത്വം അടിയന്തരമായി ഡൽഹിയിൽ ചർച്ചയ്ക്ക് വിളിപ്പിച്ചതാണ് ഇതിന് കാരണം. ആൽവാറിൽ നിന്നുള്ള എംപി. കൂടിയായ യോഗി ഇതോടെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമാണ്. ഇതോടെ വിമത നീക്കവും രാജസ്ഥാനിൽ സജീവമായി. യുപിയിലെ യോഗി മോഡൽ രാജസ്ഥാനിലും കൊണ്ടു വരാനാണ് ബിജെപി നീക്കം. ആർ എസ് എസും ബാലക് നാഥിന് അനുകൂലമാണെന്നാണ് സൂചന.

പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്, ദിയാകുമാരി, സംസ്ഥാന ബിജെപി. അധ്യക്ഷൻ സതീഷ് പുനിയ എന്നിവരുടെ പേരുകളും സജീവമാണ്. ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ പരിഗണിക്കാതിരുന്ന പാർട്ടിയുടെ പ്രമുഖ മുഖമായ വസുന്ധര രാജെ സിന്ധ്യയെ രണ്ടാംറൗണ്ടിൽ പരിഗണിച്ചെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി. ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് അവർ. രാജസ്ഥാനിൽ ബിജെപി.യും ആർ.എസ്.എസും രാജ്യത്ത് രണ്ടാമത്തെ ഹിന്ദുസന്ന്യാസി മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള കരുനീക്കം നടത്തുന്നത് വിജയരാജയെ അലോസരപ്പെടുത്തുന്നുണ്ട്.

20 എംഎ‍ൽഎ.മാരുടെ യോഗം സ്വന്തം വസതിയിൽ വിളിച്ച് മുന്മുഖ്യമന്ത്രിയുമായ വസുന്ധര രാജെ പ്രതിരോധിക്കാൻ രംഗത്തുണ്ട്. തിങ്കളാഴ്ച രാത്രി വിളിച്ച യോഗത്തിൽ ഗോപിചന്ദ് മീണ, ശങ്കർ സിങ് റാവത്ത്, ബഹാദുർ സിങ് തുടങ്ങിയ എംഎ‍ൽഎ.മാർ പങ്കെടുത്തു. കേന്ദ്രനേതൃത്വത്തിന് അനഭിമതയെങ്കിലും സ്വന്തംനിലയിൽ സംസ്ഥാനത്ത് ശക്തിയുള്ള വസുന്ധരയെ പിണക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപി. ശ്രമിക്കുമോ എന്നതും ചർച്ചകളും വിലയിരുത്തലുമായുണ്ട്. ബാലക് നാഥിനെ ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. വസുന്ധരയുടെ നീക്കമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിരീക്ഷിക്കുന്നുണ്ട്.

പ്രമുഖ ഒ.ബി.സി. വിഭാഗമായ യാദവസമുദായത്തിൽപ്പെട്ട യോഗി ബാലക്‌നാഥ്, രാജസ്ഥാനിലെ യോഗി ആദിത്യനാഥ് ആയാണ് അറിയപ്പെടുന്നത്. 39 വയസ്സാണ് പ്രായം. തിജാര മണ്ഡലത്തിൽ നിന്നാണിപ്പോൾ യോഗി നിയമസഭയിലേക്ക് വിജയിച്ചിരിക്കുന്നത്. ഹരിയാണയിലെ രോഹ്തക് പട്ടണത്തിലെ ബാബാ മസ്ത്‌നാഥ് സർവകലാശാലയുടെ ചാൻസലറായ ഇദ്ദേഹം ബാബാ മസ്ത്‌നാഥ് മഠത്തിലെ എട്ടാമത്തെ സന്ന്യാസിയാണ്. എന്നാൽ ബിജെപി എംഎ‍ൽഎ.മാരെ വസുന്ധര കൈയിലെടുത്താൽ മുഖ്യമന്ത്രിയെ അവരുടെ സമ്മതമില്ലാതെ തീരുമാനിക്കുക എളുപ്പമല്ല. മാത്രമല്ല, കോൺഗ്രസ് നേതാവ് അശോക് ഗഹ്ലോതുമായി വസുന്ധരയ്ക്ക് രാഷ്ട്രീയ അന്തർധാരയുണ്ടെന്നതും ബിജെപി.യെ വെട്ടിലാക്കുന്നതാണ്.

അൽവാറിൽനിന്നുള്ള എംപി.യായ യോഗി ബാലക് നാഥ് ഹിന്ദുമതത്തിലെ നാഥ് പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ഖൊരഗ്പുർ മഠത്തിലെ മഹന്തായ യോഗി ആദിത്യനാഥിനെപ്പോലെ ബസ്ത്നാഥ് മഠത്തിലെ മഹന്താണിദ്ദേഹം. സ്വാമി ഖോരക് നാഥിന്റെ പേരിലുള്ളതാണ് ഖൊരഗ്പുരിലെ മഠമെങ്കിൽ അദ്ദേഹത്തിന്റെ അവതാരമായ ബസ്ത്നാഥിന്റെ പേരിലുള്ള മഠത്തിലാണ് ബാലക് നാഥ് എന്നുമാത്രം.

സ്പീക്കർ ഓം ബിർളയുടെയും മന്ത്രി അശ്വിനി വൈഷ്ണവിന്റെയും പേരുകളും ആർഎസ്എസ്. മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, സ്പീക്കർ ഓം ബിർളയെ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തേക്ക് വിടില്ലെന്നാണ് ബിജെപി. കേന്ദ്രങ്ങൾതന്നെ പറയുന്നത്. പാർലമെന്റിലെത്തിയ ബാലക് നാഥിനോട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി 'താങ്കൾ മുഖ്യമന്ത്രിയാവുകയാണോ' എന്ന് എല്ലാവർക്കും മുമ്പാകെ ചോദിച്ചതും 'നിങ്ങളുടെ നല്ല മനസ്സ്' എന്ന് ബാലക് നാഥ് പ്രതികരിച്ചതും ദേശീയ തലത്തിൽ ചർച്ചയായി.