തിരുവനന്തപുരം: 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുള്ള എക്‌സിലെ കുറിപ്പ് രാജീവ് ചന്ദ്രശേഖർ പിൻവലിച്ചു. എംപിയെന്ന നിലയിലും രണ്ടാം മോദി സർക്കാരിലെ മന്ത്രിയെന്ന നിലയിലുമുള്ള 18 വർഷത്തെ പൊതുസേവനം അവസാനിച്ചു എന്നാണ് പുതിയ ട്വീറ്റിൽ. താൻ നേരത്തെ ഇട്ട കുറിപ്പ് തന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് ഒരു വിഭാഗം ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അക്കാരണത്താൽ ആ ട്വീറ്റ് നീക്കം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. ബിജെപി പ്രവർത്തകനെന്ന നിലയിൽ രാജ്യത്തെയും തിരുവനന്തപുരത്തെയും മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനം അക്ഷീണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തന്റെ 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി തോന്നിപ്പിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപായിരുന്നു പ്രഖ്യാപനം വന്നത്. രണ്ടാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന രാജീവിന് ഇക്കുറി പരാജയം സംഭവിച്ചതോടെ മന്ത്രിസഭയിൽ ഇടം കിട്ടിയിരുന്നില്ല.

'എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി

കഴിഞ്ഞ 3 വർഷം സർക്കാരിൽ എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകർക്കും നന്ദി. ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യും." രാജീവ് ചന്ദ്രശേഖറിന്റെ പഴയ ട്വീറ്റ് ഇങ്ങനെ.

പുതിയ മന്ത്രിസഭയിൽ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും വ്യാഖ്യാനങ്ങൾ വന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിനോട് തോറ്റിരുന്നു.