- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഐസിസിയിൽ അഴിച്ചുപണി; താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറ്റി; ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല; യുപിയുടെ ചുമതലയിൽ നിന്ന് പ്രിയങ്കയെ മാറ്റി; സച്ചിൻ പൈലറ്റിന് ജനറൽ സെക്രട്ടറി പദവി
ന്യൂഡൽഹി: കേരളത്തിന്റെ എഐസിസി ചുമതല താരിഖ് അൻവറിൽ നിന്ന് മാറ്റി. ദീപാദാസ് മുൻഷിക്കാണ് പകരം ചുമതല. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ കെസി വേണുഗോപാൽ തുടരും. ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്കാഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽനിന്ന് മാറ്റി. അവിനാശ് പാണ്ഡെയ്ക്കാണ് പകരം ചുമതല. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. സച്ചിൻ പൈലറ്റ് ഛത്തീസ്‌ഗഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുമതലകളിലെ മാറ്റം.
ദേശീയ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകിയതാണ് ശ്രദ്ധേയമായ നീക്കം. ചെന്നിത്തല തമിഴ്‌നാട് ചുമതല വഹിച്ചപ്പോഴാണ് മൂപ്പനാരുടെ തമിഴ് മാനില കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആറു സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരുന്നു. ഈ സമയം കോൺഗ്രസ്സിന് നാലു മുഖ്യമന്ത്രിമാർ മേഖലയിലുണ്ടായിരുന്നു. മധ്യപ്രദേശിലും ചുമതല വഹിച്ചു.
മാധവറാവു സിന്ധ്യ മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കൂടെ സെക്രട്ടറിയായും ചെന്നിത്തല പ്രവർത്തിച്ചിരുന്നു. മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുക എന്നതടക്കമുള്ള ചുമതലകളോടെയാണ് ഖാർഗെ ഇപ്പോൾ ചെന്നിത്തലയെ നിയോഗിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മല്ലികാർജുൻ ഖാർഗെ എ.ഐ.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം പുതിയ വർക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ചുമതലകൾ നൽകിക്കൊണ്ടുള്ള പട്ടിക പുറത്തിറക്കിയത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പ്രിയങ്കാഗാന്ധിക്ക് പ്രത്യേക ചുമതലകളൊന്നുമില്ല. ജയറാം രമേശ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിലും അജയ് മാക്കൻ ട്രഷററായും തുടരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന സച്ചിൻ പൈലറ്റിന് ഛത്തീസ്‌ഗഢിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. സച്ചിൻ പൈലറ്റിന് പാർട്ടിയിൽ കൂടുതൽ ചുമതല നൽകിയത് അശോക് ഗെലോട്ടിനോട് ഇടഞ്ഞുനിൽക്കുന്ന നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ജനറൽ സെക്രട്ടറിമാർ
മുകുൾ വാസ്നിക്- ഗുജറാത്ത്
പ്രിയങ്കാഗാന്ധി- പ്രത്യേക ചുമതലകൾ ഇല്ല
ജിതേന്ദ്ര സിങ്- അസം, മധ്യപ്രദേശിന്റെ അധിക ചുമതല
രൺദീപ് സിങ് സുർജേവാല- കർണാടക
ദീപക് ബാബരിയ- ഡൽഹി, ഹരിയാണയുടെ അധിക ചുമതല
സച്ചിൻ പൈലറ്റ്- ഛത്തീസ്‌ഗഢ
അവിനാഷ് പാണ്ഡേ- ഉത്തർപ്രദേശ്
കുമാർ ഷൽജ- ഉത്തരാഖണ്ഡ്
ജി.എ. മിർ- ഝാർഖണ്ഡ്, പശ്ചിമബംഗാളിന്റെ അധിക ചുമതല
ദീപ ദാസ്മുൻഷി- കേരളം, ലക്ഷദ്വീപ്, തെലങ്കാനയുടെ അധിക ചുമതല
ജയറാം രമേശ്- കമ്മ്യൂണിക്കേഷൻ
കെ.സി. വേണുഗോപാൽ- സംഘടന
ഇൻ-ചാർജുമാർ
രമേഷ് ചെന്നിത്തല- മഹാരാഷ്ട്ര
മോഹൻ പ്രകാശ്- ബിഹാർ
ഡോ. ചെല്ലകുമാർ- മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്
അജോയ് കുമാർ- ഒഡിഷ, തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും അധിക ചുമതല
ഭരത് സിംഹ് സോളങ്കി- ജമ്മു കശ്മീർ
രാജീവ് ശുക്ല- ഹിമാചൽ പ്രദേശ്, ഛണ്ഡീഗഢ്
സുഖ്ജീന്ദർ സിങ് രൺധാവ- രാജസ്ഥാൻ
ദേവേന്ദർ യാദവ്- പഞ്ചാബ്
മാണിക് റാവു താക്കറെ- ഗോവ, ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി
ഗിരീഷ് ചോദൻകാർ- ത്രിപുര, സിക്കിം, മണിപ്പുർ, നാഗാലാൻഡ്
മാണിക്കം ടാഗോർ- ആന്ധ്രാപ്രദേശ്, ആന്മാൻ നിക്കോബാർ
ഗുർദീപ് സിങ് സപ്പൽ- അഡ്‌മിനിസ്ട്രേഷൻ
ട്രഷറർ- അജയ് മാക്കൻ
ജോയിന്റ് ട്രഷറർമാർ- മിലിന്ദ് ദേവ്റ, വിജയ് ഇന്ദർ സിഗ്ല




