ഹൈദരാബാദ് : തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിച്ചേക്കും. കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി എത്തുമെന്നാണ് വലിയിരുത്തൽ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഒരു വർഷം മുൻപുതന്നെ സംസ്ഥാനത്ത് കോൺഗ്രസിന് നിലമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പദയാത്രകളും സമരപരിപാടികളുമായി പാർട്ടിയെ താഴേത്തട്ടു മുതൽ സജീവമാക്കാനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. രേവന്തിന്റെ മുഖം ഉയർത്തിയായിരുന്നു അത്. അതുകൊണ്ട് തന്നെ രേവന്താകും കോൺഗ്രസിന്റെ മുഖ്യമന്ത്രിയെന്നാണ് സൂചന.

ബിആർഎസിനും ചന്ദ്രശേഖർ റാവുവിനുമെതിരെ കോൺഗ്രസും രേവന്ത് റെഡ്ഡിയും ശക്തരായ എതിരാളിയായി പ്രതിഷ്ഠിക്കപ്പെട്ടതോടെ, ചന്ദ്രശേഖർ റാവു സർക്കാരിനെതിരായ വോട്ടുകൾ അനുകൂലമാക്കാനും അതിലൂടെ സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാനും കോൺഗ്രസിനായി എന്നതാണ് വസ്തുത. കനഗോലുവിന്റെ തന്ത്രങ്ങളും ഈ തരത്തിലായിരുന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരടങ്ങുന്ന കർണാടക മന്ത്രിസഭാ ഫോർമുല തെലങ്കാനയിലും കോൺഗ്രസ് ആവർത്തിച്ചേക്കും. എ.രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി സംസ്ഥാന എംഎൽഎമാർ പ്രമേയം പാസാക്കും.

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർകയ്ക്കാണു സാധ്യത. ദലിത് വിഭാഗത്തിൽ നിന്നുള്ള വിക്രമാർക സംസ്ഥാനത്തെ ഏറ്റവും കരുത്തനായ നേതാക്കളിലൊരാളാണ്. മുൻ പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ ഉത്തംകുമാർ റെഡ്ഡി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എഐസിസി നിരീക്ഷകരായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രി കെ.ജെ.ജോർജ്, കെ.മുരളീധരൻ എംപി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എന്നിവർ ഹൈദരാബാദിലെത്തി. രേവന്തിന് അനുകൂല തീരുമാനം ഇവർ എടുക്കും.

വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ 2004ലും 2009ലും കോൺഗ്രസ് ഭരണംപിടിച്ച ആന്ധ്രപ്രദേശ് 2014ൽ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പട്ടതോടെ, ആന്ധ്രപ്രദേശിൽ പൂർണമായും തെലങ്കാനയിൽ വലിയൊരളവുവരെയും കോൺഗ്രസ് പ്രസക്തി പോയി. ഇതിനെ മാറ്റി മറിച്ചാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ഇതിന് പിന്നിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വമായിരുന്നു.

ഭാരത് രാഷ്ട്രസമിതിക്കും (ബിആർഎസ്) മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനും (കെസിആർ) മൂന്നാമൂഴം പ്രവചിക്കപ്പെട്ടിടത്തു നിന്നാണ് കേവല ഭൂരിപക്ഷത്തോടെ കോൺഗ്രസിന്റെ തിരിച്ചുവരവ്. സംസ്ഥാനത്തിന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 21 എണ്ണത്തിൽ മാത്രം ജയിച്ച കോൺഗ്രസിന് 2018ൽ വീണ്ടും അടിപതറി. ഉണ്ടായിരുന്ന 21 സീറ്റുകളിൽ രണ്ടെണ്ണം നഷ്ടപ്പെട്ട് 19ലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി 12 എംഎൽഎമാർ ബിആർഎസിനൊപ്പം ചേർന്നു. ഒന്നുമില്ലായ്മയിൽനിന്ന് പടിപടിയായി കരുത്താർജിച്ചാണ് കോൺഗ്രസ്, ബിആർഎസിനെ വെല്ലുവിളിക്കാവുന്ന നിലയിലേക്കുയർന്നത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഒരു വർഷം മുൻപുതന്നെ സംസ്ഥാനത്ത് കോൺഗ്രസിന് നിലമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പദയാത്രകളും സമരപരിപാടികളുമായി പാർട്ടിയെ താഴേത്തട്ടു മുതൽ സജീവമാക്കാനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. വിവിധ സർവേകളുടെ അടിസ്ഥാനത്തിൽ സുനിൽ കനഗോലുവിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് മധ്യപ്രദേശിൽ കമൽനാഥിന്റെയും രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെയും നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണയം നടത്തിയപ്പോൾ തെലങ്കാനയിൽ 95 ശതമാനം സീറ്റുകളിലും സുനിലിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത്.