ഹൈദരാബാദ്: പ്രായാധിക്യം മൂലം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. റായ്ബറേലിയിൽ നിന്നും കാലങ്ങളായുള്ള എംപിയാണ് സോണിയ. ഇക്കുറി സോണിയ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കാതെ പ്രിയങ്ക ഗാന്ധിക്ക് അവസരം ഒരുക്കുമെന്ന സൂചനകൾ ശക്തമാണ്. ഇതിനിടെയാണ് വരുന്ന സോണിയ ഗാന്ധി തെലുങ്കാനയിൽ നിന്നും ജനവിധി നേടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. ഇക്കാര്യം രേവന്ദ് റെഡ്ഡി തന്നെയാണ് സോണിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് സോണിയയെ ഡൽഹിയിൽ നേരിട്ടെത്തി കണ്ടാണ് രേവന്തും സംഘവും ആവശ്യം ഉന്നയിച്ചത്. പാർട്ടിയുടെ സംസ്ഥാന ഘടകം ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതായും രേവന്ത് സോണിയയെ അറിയിച്ചു. രേവന്തിനൊപ്പം തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, റവന്യു മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും സോണിയയെ സന്ദർശിച്ചു.

തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകാൻ പരിശ്രമിച്ച സോണിയയെ ജനങ്ങൾ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. എന്നാൽ വേണ്ട സമയത്ത് കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് സോണിയ മറുപടി നൽകിയതെന്നാണ് വിവരം. ഖമ്മം മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നാണ് സംഘം സോണിയയെ അറിയിച്ചതെന്നാണ് വിവരം. തെലങ്കാനയിൽ 17 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി രേവന്ത് അറിയിച്ചു. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി റാഞ്ചിയിലെത്തി രാഹുൽ ഗാന്ധിയെ സന്ദർശിച്ചപ്പോഴും രേവന്ത് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 2019ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ 17ൽ മൂന്നു സീറ്റുകളിലാണ് കോൺഗ്രസിന് വിജയിക്കാനായത്. നേരത്തേ സോണിയാ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന് കർണാടക വഴി രാജ്യസഭയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തള്ളിയിരുന്നു. 2004 മുതൽ റായ്ബറേലി സോണിയാ ഗാന്ധിയുടെ സ്വന്തം തട്ടകമാണ്.

അതേസമയം സോണിയ ഗാന്ധി തെലുങ്കാനയിലേക്ക് മാറിയാൽ ബിജെപി കോൺഗ്രസിനെ ദക്ഷിണേന്ത്യൻ പാർട്ടിയാണെന്ന പ്രചരണം ശക്തമാക്കുമെന്ന ഭയവും കോൺ്ഗ്രസിനുണ്ട്. രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കാനാണ് സാധ്യത. ഇന്നലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ''ഒരു വസ്തു തന്നെ വീണ്ടും വീണ്ടും പുറത്തിറക്കുക വഴി, കോൺഗ്രസിന്റെ കട പൂട്ടാറായി. ഒരു കുടുംബം മാത്രം പാർട്ടി നടത്തുന്നതും തീരുമാനമെടുക്കുന്നതുമാണ് കുടുംബാധിപത്യം. രാജ്‌നാഥ് സിങ്ങും അമിത് ഷായും അങ്ങനെയുള്ള കുടുംബാധിപത്യത്തിന്റെ ഭാഗമല്ല.'' മോദി പറഞ്ഞു.

5 വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ''10 വർഷത്തെ ഞങ്ങളുടെ ഭരണം പരിശോധിച്ചു നോക്കുക. ഇന്ന് ഇന്ത്യ അതിവേഗത്തിൽ വളരുകയും ശക്തമായ സാമ്പത്തിക നില കൈവരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ മൂന്നാം സർക്കാരിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. ഞങ്ങൾ ദരിദ്രർക്കായി നാലു കോടിയോളം വീടുകളാണ് നിർമ്മിച്ചു നൽകിയത്. നഗരങ്ങളിലെ ദരിദ്രർക്കായി 80 ലക്ഷം വീടുകൾ നിർമ്മിച്ചു. കോൺഗ്രസിനാണെങ്കിൽ ഇതൊക്കെ ചെയ്യാൻ നൂറു വർഷമെങ്കിലും എടുക്കും. അപ്പോഴേക്കും അഞ്ചു തലമുറ കഴിഞ്ഞിരിക്കും.'' മോദി പരിഹസിച്ചു.