ന്യൂഡൽഹി: ഇന്ത്യാ മുന്നണിയിലെ സീറ്റു വിഭജന ചർച്ചകൾ എങ്ങുമെത്താതെ വഴി മുട്ടിയ അവസ്ഥയിൽ. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിഹാർ സീറ്റ് വിഭജനത്തിൽ ആർജെഡി -കോൺഗ്രസ് ആദ്യവട്ട ചർച്ചയിലാണ് ധാരണയാകാതെ വന്നത്. അഞ്ച് സീറ്റ് വരെ നൽകാമെന്ന ആർജെഡിയുടെ നിലപാട് കോൺഗ്രസ് സംസ്ഥാന ഘടകം തള്ളി. ഇതോടെ കൂടുതൽ സീറ്റുകൾ വേണമെന്നാണ് നിലപാട്.

കനയ്യ കുമാറിന് ബെഗസരായ് മണ്ഡലം വേണമെന്ന കോൺഗ്രസ് നിലപാട് ആർജെഡി അംഗീകരിച്ചിട്ടില്ല. ദേശീയ സഖ്യസമിതി ചെയർമാൻ മുകുൾ വാസ്‌നിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 16 സീറ്റിൽ മത്സരിക്കുമെന്ന് ആർജെഡി അറിയിച്ചു. കോൺഗ്രസിന് നാല് സീറ്റ് നൽകാമെന്ന ഓഫർ അഞ്ചായി കൂട്ടിയെങ്കിലും ബിഹാർ പിസിസി അടുത്തില്ല. എട്ടു സീറ്റാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. എന്നാൽ, അഞ്ച് സീറ്റെന്ന വാഗ്ദാനത്തോട് സഖ്യസമിതിക്ക് അനുകൂല നിലപാടാണുള്ളത്.

കനയ്യ കുമാറിനെ ബെഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യവും കോൺഗ്രസ് മുൻപോട്ട് വച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗിരിരാജ് സിങ് ആറ് ലക്ഷത്തിൽ പരം വോട്ടുകൾ ബെഗുസരായായിൽ നേടിയപ്പോൾ ഇടത് സ്ഥാനാർത്ഥിയായ മത്സരിച്ച കനയ്യക്ക് രണ്ട് ലക്ഷത്തിൽ പരം വോട്ടുകളേ കിട്ടിയുള്ളൂ. ആർജെഡിക്ക് ഒരു ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരവും. ആർജെഡിയുമായുള്ള സഖ്യത്തിൽ കോൺഗ്രസ് മത്സരിച്ചിരുന്നില്ല.

എന്നാൽ മണ്ഡലം വിട്ടുനൽകില്ലെന്നാണ് ആർജെഡിയുടെ നിലപാട്. അതുകൊണ്ട് തന്നെ സമവായത്തിൽ എത്താൻ വേണ്ടി തുടർന്നു ചർച്ചകൾ തുടരും. നേരത്തെ കോൺഗ്രസുമായി സീറ്റ് ചർച്ചക്കില്ലെന്നും 17 സീറ്റുകളിൽ ജെഡിയു മത്സരിക്കുമെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. നാളെ ആംആദ്മി പാർട്ടിയുമായി കോൺഗ്രസ് ചര്ച്ച നടത്തും. ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചർച്ചയാകും. ബംഗാളിൽ ചർച്ചക്കുള്ള ക്ഷണത്തോട് മമത ബാനർജി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

സഖ്യമില്ലെങ്കിലും ബിജെപിയെ വീഴ്‌ത്തുമെന്നാണ് തൃണമൂലിന്റെ നിലപാട്. മാത്രമല്ല ബംഗാൾ പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനകൾ മമതയെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്. സഖ്യം ഇല്ലാതെ മത്സരിക്കാമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും പ്രതികരണം.