ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഇക്കാര്യത്തിൽ പാർട്ടി തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കുമെന്ന് സച്ചിൻ വ്യക്തമാക്കി. താൻ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല .അശോക് ഗലോട്ടിനോട് ഭിന്നതയില്ല .താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുത്ത ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണമെന്നാണ് ഗലോട്ടിനോട് പറഞ്ഞത് .ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരമായെന്നും സച്ചിൻ പറഞ്ഞു. അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങിയ അശോക് ഗലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് തൽക്കാലം വെടിനിർത്തലിൽ എത്തിയെങ്കിലും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറി പ്രതീക്ഷിക്കാം. മ

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി അധ്യക്ഷസ്ഥാനം നൽകാനുള്ള ഹൈക്കമാൻഡ് നീക്കത്തെ പോലും അട്ടിമറിച്ച ഗലോട്ടിന്റെ ലക്ഷ്യം ഭരണത്തുടർച്ചയിലും അതേ കസേരയാണ്. അനുനയത്തിന് വഴങ്ങിയ സച്ചിന്റെ ലക്ഷ്യവും മറ്റൊന്നല്ല. സർക്കാരിന്റെ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സച്ചിൻ നടത്തിയ പദയാത്ര ബിജെപിക്ക് ഇപ്പോൾ ആയുധമാണ്.

കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിൽ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടർക്കും നിർണ്ണായകമാണ്. ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ സച്ചിൻ പൈലറ്റ് ഉയർത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സർക്കാർ. മാറിമാറി സർക്കാരുകളെ പരീക്ഷിക്കുന്ന പതിവിൽ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണ്.

ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തിയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. നവംബർ 7 ന് ആരംഭിച്ച് നവംബർ 30 ന് അവസാനിക്കുന്ന തരത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും ഛത്തീസ്‌ഗഢിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഛത്തീസ്‌ഗഢിൽ നവംബർ 7, 17 തീയതികളിലും മിസോറാം നവംബർ 7 നും മധ്യപ്രദേശിൽ 17 നും രാജസ്ഥാൻ 23 നും തെലങ്കാന നവംബർ 30 നും വോട്ടെടുപ്പ് നടക്കും. ഡിസംബർ 3 ന് ആണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് എബിപി ന്യൂസ്. പതിവ് പോലെ സി വോട്ടറുമായി ചേർന്നാണ് അഭിപ്രായ സർവേ നടത്തിയിരിക്കുന്നത്. കോൺഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.