- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിക്കും 11 കോൺഗ്രസ് നേതാക്കൾക്കും അസം പൊലീസിന്റെ സമൻസ്
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പൊലീസ് സമൻസ്. അസമിൽ ന്യായ് യാത്ര ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഫെബ്രുവരി 23ന് ഗുവാഹത്തിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐ.ഡി) ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്.
ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) സെക്ഷൻ 41 എ (3) പ്രകാരം തിങ്കളാഴ്ചയാണ് സമൻസ് അയച്ചതെന്ന് സിഐ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജിതേന്ദ്ര സിങ് അൽവാർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) ഇൻചാർജ് കനയ്യ കുമാർ, കോൺഗ്രസ് അസം പ്രസിഡന്റ് ഭൂപൻ കുമാർ ബോറ, ലോക്സഭാ എംപി ഗൗരവ് ഗൊഗോയ്, നിയമസഭ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ തുടങ്ങിയവർക്കാണ് സമൻസയച്ചത്.
പൊതുമുതൽ നശിപ്പിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കില്ലെന്നും നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്നും പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 23ന് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴുള്ള സംഘർഷത്തിന്റെ പേരിലാണ് നടപടി.
യാത്ര നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അസം പൊലീസിനെതിരെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം അസം പൊലീസ് കേസെടുത്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് നിങ്ങളെ ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്നും വസ്തുതകളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് മൊഴിയെടുക്കാൻ സിഐ.ഡി മുമ്പാകെ ഹാജരാകണമെന്നും നേതാക്കൾക്ക് അയച്ച സമൻസിൽ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കുറ്റാരോപിതരായ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു.