പൂണെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസിനെയും അജിത് പവാറിനെയും മാർച്ച് രണ്ടിന് തന്റെ വസതിയിൽ വിരുന്നിന് ക്ഷണിച്ച് ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം. പൂണെയിലെ ബാരാമതിയിൽ ഒരു തൊഴിൽ മേളയിൽ പങ്കെടുക്കാൻ മൂവരും എത്തുന്ന അവസരമാണ് ശരദ് പവാർ മുതലാക്കിയത്.

എൻസിപി ശരദ്ചന്ദ്ര പവാറിന്റെ അദ്ധ്യക്ഷനായ ശരദ് പവാർ പിളർപ്പിന് ശേഷം ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. 1999 ൽ താൻ രൂപീകരിച്ച എൻസിപി പിളർത്തിയ അനന്തരവൻ അജിത് പവാറിനെ മാത്രമല്ല, അതിന് മുൻകൈയെടുത്ത ബിജെപി-ശിവസേന നേതാക്കളെയും വൈരം മറന്ന് ശരദ് പവാർ ക്ഷണിച്ചുവെന്നതാണ് കൗതുകം.

അജിത് പവാർ പക്ഷത്തിനാണ് എൻസിപിയുടെ പേരും, ചിഹ്നവും കിട്ടിയത്. ബാരാമതി ലോക്‌സഭാ മണ്ഡലത്തെ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ ആണ് ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. അവിടെ എതിർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ അജിത് പവാർ പക്ഷം ആലോചിക്കുന്നുണ്ട്.സുലെയുടെ എതിരാളിയായി അജിത് പവാറിന്റെ മകൾ സുനേത്ര പവാറിനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. ശരദ് പവാറിന്റെ കോട്ടയായ ബാരാമതി, 1996 ന് ശേഷം സുലെയുടെ മണ്ഡലമാണ്. പവാർ നാലുതവണയും, സുലെ മൂന്നുതവണയും ഇവിടുന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ സുലെ തന്നെ മുൻകൈയെടുത്താണോ പുതിയ നീക്കമെന്നും സംശയമുണ്ട്.

താനും സുലെയും ബാരാമതിയിലെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നു എന്നും ക്ഷണക്കത്തിലുണ്ട്. വിദ്യാപ്രതിഷ്ഠാന്റെ അദ്ധ്യക്ഷൻ എന്ന നിലയിലാണ് ശരദ് പവാർ ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചത്. വിദ്യാ പ്രതിഷ്ടാനിലെ ചടങ്ങിന് ശേഷം തന്റെ വസതിയിൽ ഊണുകഴിക്കാൻ വരണമെന്നാണ് ക്ഷണിച്ചിരിക്കുന്നത്.