- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിലെ പഴയ ഫയർബ്രാൻഡ് കോൺഗ്രസിലേക്ക് വീണ്ടും മടങ്ങിയെത്തുമോ?
മുംബൈ: രമേശ് ചെന്നിത്തലയുടെ നിർണ്ണായക നീക്കം കോൺഗ്രസിന് പുതു ഊർജ്ജം നൽകുമോ? ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച് ഇരുപാർട്ടികളും പ്രാഥമിക ചർച്ച നടത്തി. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പവാറിനെ സന്ദർശിച്ചിരുന്നു. കോൺഗ്രസിൽ മഹാരാഷ്ട്രയുടെ ചുമതല ചെന്നിത്തലയ്ക്കാണ്. പവാറുമായി അടുത്ത ബന്ധം ചെന്നിത്തലയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ലയന നീക്കം ചർച്ചയാകുന്നത്.
എൻസിപിയിൽ കൂടിയാലോചനകൾ നടന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുളെ എംപിയും മറ്റു നേതാക്കളും ലയനനീക്കം നിഷേധിച്ചു. എൻസിപിയെ പിളർത്തി മഹാരാഷ്ട്രയിൽ അജിത് പവാർ നടത്തിയ നീക്കത്തെ അതിജീവിക്കുകയാണ് പവാറിന്റെ ലക്ഷ്യം. ഇതിനൊപ്പം ബിജെപി ഇതര മുന്നണിയുടെ പ്രധാന നേതാവായി മാറുകയും വേണം. ഇതിന് വേണ്ടിയാണ് പവാർ കോൺഗ്രസുമായി അടുക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു കാലത്ത് കോൺഗ്രസിലെ യുവ തുർക്കിയായ പവാറിന് ഇന്നും മഹാരാഷ്ട്രയിൽ നിർണ്ണായക സ്വാധീനമുണ്ട്. ഇത് മനസ്സിലാക്കിയാണ് ചെന്നിത്തലയുടെ നീക്കം.
ശരത് പവാർ എൻസിപി ഉണ്ടാക്കിയതോടെയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് ഒന്നാം നമ്പർ പാർട്ടി അല്ലാതെയായത്. ഇതിന് മാറ്റം കൊണ്ടു വരികയാണ് ലക്ഷ്യം. അജിത് പവാർ പക്ഷവുമായുള്ള നിയമപോരാട്ടത്തിൽ ശരദ് പവാറിന് എൻസിപി ചിഹ്നവും പേരും നഷ്ടപ്പെട്ടിരുന്നു. ജനകീയ നേതാവായ അശോക് ചവാനെ കോൺഗ്രസിനും നഷ്ടപ്പെട്ടു. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടാനുള്ള സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ശരദ് വിഭാഗത്തെ തിരിച്ചെത്തിക്കാനായാൽ അത് മഹാരാഷ്ട്രയിൽ കോൺഗ്രസിന് പുതു ജീവനാകും. സമാന രീതിയിൽ കോൺഗ്രസിൽ നിന്നും അടർന്നു മാറിയ തൃണമൂലിനേയും പാർട്ടിയുടെ ഭാഗമാക്കിയാൽ കേന്ദ്രത്തിൽ അധികാരം പിടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ ലയന നീക്കത്തിൽ അവ്യക്തത മാറിയിട്ടില്ല. ചെന്നിത്തല പോലും ശക്തമായ പ്രതികരണം നടത്തുന്നില്ല. പവാർ സമ്മതം മൂളുമോയെന്നതാണ് വലിയ ചോദ്യം. മഹാരാഷ്ട്രയിൽ പാർട്ടിയുടെ നിയന്ത്രണം തനിക്കു ലഭിക്കുന്ന സാഹചര്യം ഉറപ്പായാൽ മാത്രമേ അദ്ദേഹം വഴങ്ങാനിടയുള്ളൂ. ബാറ്റൺ കൈമാറാൻ കോൺഗ്രസ് സന്നദ്ധമാകുമോയെന്നതും ഈ നീക്കത്തിന്റെ ഗതി നിർണയിക്കും. കോൺഗ്രസിന്റെയും ശിവസേനയുടെയും സഖ്യകക്ഷിയായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിലും മത്സരിക്കുകയെന്ന് അഭ്യൂഹങ്ങളോടു പ്രതികരിച്ച് സുപ്രിയ സുളെ പറഞ്ഞു.
സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉന്നയിച്ച് 1999ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച പവാർ അക്കൊല്ലം തന്നെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായി സഖ്യത്തിലെത്തിയിരുന്നു. ഇരു പാർട്ടികളും കൈകോർത്ത് 15 കൊല്ലം ഭരിച്ചതിനു ശേഷം 2014ൽ പരസ്പരം മത്സരിച്ചെങ്കിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസുമായി സഖ്യത്തിലായി. ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് എന്നും പവാർ ഉയർത്തിയത്. അതിനിടെ പവാർ ബിജെപിയിൽ ചേരുമെന്നും അഭ്യൂഹമെത്തി.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്ക് രൂപം നൽകാൻ മുന്നിൽ നിന്ന പവാറിന് പക്ഷേ, സഹോദരപുത്രൻ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരും ബിജെപി പക്ഷത്തേക്കുപോയത് തിരിച്ചടിയായി. ഇതോടെ പാർട്ടി പേരും ചിഹ്നവും നഷ്ടമായി. ഇത് മാനസിക വേദനയുമായി. അതുകൊണ്ടാണ് വീണ്ടും മാതൃപാർട്ടിയിലേക്ക് മടങ്ങാൻ പവാർ ആഗ്രഹിക്കുന്നതെന്നാണ് സൂചന.