ന്യൂഡൽഹി: തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ എസ്‌ബിഐ സാവകാശം തേടിയതിനെ വിമർശിച്ചു കോൺഗ്രസ് രംഗത്ത്. കേന്ദ്രസർക്കാറിന്റെ അഴിമതിയെ മറച്ചുവെക്കാനാണ് ശ്രമമെന്നാണ് കോൺഗ്രസിന്റെ ആരോപണം. 24 മണിക്കൂറിനകം നൽകാവുന്ന വിവരങ്ങൾക്കാണ് എസ്‌ബിഐ 40 ദിവസം ചോദിക്കുന്നതെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി.

"എസ്‌ബിഐ കേന്ദ്ര സമ്മർദം നേരിടുകയാണ്. തിരഞ്ഞെടുപ്പു കടപ്പത്ര വിവരങ്ങൾ നൽകാനുള്ള അവസാനദിനം മാർച്ച് ആറിന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി ചോദിക്കുന്നത്. 24 മണിക്കൂറിനകം നൽകാവുന്ന വിവരത്തിനാണ് 40 ദിവസം ചോദിക്കുന്നത്. എസ്‌ബിഐ ജൂൺ 30 വരെയാണ് സമയം ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവരങ്ങൾ വൈകിപ്പിക്കുകയാണ് ലക്ഷ്യമെന്നുള്ളത് വ്യക്തമാണ്.

ഇത് അഴിമതിയാണെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരായ നരേന്ദ്ര മോദിയെയും ബിജെപിയെയും രക്ഷിക്കാനാണ് ശ്രമം. ഇതിനെതിരെ രാജ്യ വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തും."കെ.സി.വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6നു മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്.

ഇതിലാണ് ജൂൺ 30 വരെ എസ്‌ബിഐ സമയം തേടി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കടപ്പത്ര പദ്ധതി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതി എസ്‌ബിഐയ്ക്ക് നിർദ്ദേശം നൽകിയത്.

2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ വിതരണം ചെയ്തുവെന്ന് എസ്‌ബിഐ അപേക്ഷയിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ ക്രോഡീകരിക്കാൻ കോടതി നിശ്ചയിച്ചു നൽകിയ 3 ആഴ്ച മതിയാകില്ലെന്നും അറിയിച്ചു. പാർട്ടികളുടെ കൈവശമുള്ളതും മാറിയെടുക്കാത്തതുമായ കടപ്പത്രങ്ങൾ ബാങ്കിന് മടക്കി നൽകണമെന്നും കടപ്പത്രം വാങ്ങിയ ആളിന് ബാങ്കുകൾ പണം മടക്കി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കു നീങ്ങവെ, ഇതു രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് വിലയിരുത്തലുകൾ നിലനിൽക്കെയാണ് എസ്‌ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.