- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ തൃണമൂലിന് പിന്നാലെ പഞ്ചാബിൽ എഎപിയും കോൺഗ്രസിനോട് കൂട്ടില്ല
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിന് മണിക്കൂറുകൾക്കുള്ളിൽ രണ്ടുവലിയ തിരിച്ചടികൾ. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് മമത ബാനർജി വ്യക്തമാക്കിയതിന് പിന്നാലെ പഞ്ചാബിൽ എഎപിയും തങ്ങൾ എല്ലാ ലോക്സഭാ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 'പഞ്ചാബിലെ 13 ലോക്സഭാ സീറ്റിലേക്ക് 40 സ്ഥാനാർത്ഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ നിശ്ചിക്കും മുമ്പ് ഞങ്ങൾ സർവേ നടത്തി വരികയാണ്', പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ പറഞ്ഞു.
ബംഗാളിൽ കോൺഗ്രസിന്റ കൈ പിടിക്കില്ലെന്നും ദേശീയതലത്തിലെ സഖ്യ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കുമെന്നും മമത ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി മണിക്കുറുകൾക്കകമാണ് പഞ്ചാബിൽ എഎപിയുടെ പ്രഖ്യാപനം. ' കോൺഗ്രസുമായി ഞാൻ ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ ഒറ്റയ്ക്ക് പോരാടുമെന്ന് ഞാൻ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ കോൺഗ്രസിന് മുമ്പാകെ പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും അവർ അത് തള്ളി'. തൃണമൂൽ കോൺഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്.
രാഹുലിന്റെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്.ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല. തൃണമൂൽ കോൺഗ്രസ് മതേതര പാർട്ടിയാണെന്നും ഇന്ത്യ സഖ്യത്തിന്റെ ഭാഗം തന്നെയെന്നും മമത ബാനർജി പറഞ്ഞു.
അതേസമയം, ബംഗാളിൽ കോൺഗ്രസ് -തൃണമൂൽ സഖ്യം ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പ്രതികരിച്ചു. ബിജെപി സീറ്റുകൾ കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തൃണമൂലുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജി ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാവാണ്. ചില്ലറ അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കുമെന്നും കെ സി അറിയിച്ചു. പഞ്ചാബിലെ എഎപിയുടെ തീരുമാനത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തൃണമൂലിന്റെയും, എഎപിയുടെയും തീരുമാനം ഇന്ത്യ സഖ്യത്തിൽ കോൺഗ്രസും പ്രാദേശിക കക്ഷികളും തമ്മിലുള്ള തുടർച്ചയായ വടംവലിയുടെ ബാക്കിപത്രമാണ്. സംസ്ഥാന തലത്തിലെ സീറ്റ് പങ്കിടൽ ചർച്ചയ്ക്കിടെ തൃണമൂലും, എഎപിയും എസ്പിയും ഒക്കെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നായക റോൾ വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വല്യേട്ടൻ കളിക്കുന്നുവെന്നാണ് പ്രാദേശിക കക്ഷികളുടെ പരാതി,.
ബംഗാളിലും പഞ്ചാബിലും കോൺഗ്രസും, ഭരണകക്ഷികളും തമ്മിലുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ അന്തമില്ലാതെ തുടരുകയാണ്. ബംഗാളിൽ അധിർ രഞ്ജൻ ചൗധരിയായാലും, പഞ്ചാബിൽ അമരിന്ദർ രാജ സിങ് വാറിങ് ആയാലും സംസ്ഥാന തലത്തിലെ സഖ്യത്തിന് എതിരെന്ന് മാത്രമല്ല, സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരം പാഴാക്കാറുമില്ല. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞടുപ്പുകളിൽ കോൺഗ്രസിനേറ്റ തിരിച്ചടി കൂടി കണക്കിലെടുത്താണ് പ്രാദേശിക കക്ഷികൾ നിലപാട് കടുപ്പിച്ചത്.
പഞ്ചാബിൽ എഎപിയുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ഹൈക്കമാൻഡ് തനിക്ക് നിർദ്ദേശം ഒന്നും തന്നിട്ടില്ലെന്നാണ് അമരിന്ദർ രാജ സിങ് വാറിങ് പറഞ്ഞത്. 13 ലോക്സഭാ സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തിൽ, കോൺഗ്രസും എഎപിയും തന്നിലുള്ള ബന്ധം നേരത്തെ തന്നെ ദുർബലമായിരുന്നു. പാട്നയിൽ ജൂണിൽ ചേർന്ന യോഗത്തിൽ കോൺഗ്രസും എഎപിയും പരസ്പരം പഴി ചാരുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. എഎപി സർക്കാരിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർക്കാത്തതാണ് അന്ന് എഎപിയെ ചൊടിപ്പിച്ചത്. പാൻ ഇന്ത്യ തലത്തിൽ സഖ്യം വേണമെന്നാണ് എഎപിയുടെ താൽപര്യമെങ്കിലും, കോൺഗ്രസിന് അത് അംഗീകരിക്കാൻ താൽപ്പര്യമില്ല. ഇതാണ് സഖ്യത്തിലെ വിള്ളലുകൾക്ക് മറ്റൊരു കാരണം.