മുംബൈ: എൻസിപി ശരദ് പവാർ പക്ഷത്തിന് വീണ്ടും തിരിച്ചടി. അജിത് പവാർ വിഭാഗത്തിന് അനുകൂലമായി സ്പീക്കർ രാഹുർ നർവേക്കറുടെ വിധിയും വന്നു. എംഎൽഎമാരുടെ അയോഗ്യതാ വിഷയത്തിൽ അജിത് പവാറിനൊപ്പമാണ് പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമെന്ന് സ്പീക്കർ വിധിച്ചു. ഇതോടെ അജിത് പവാർ വിഭാഗം യഥാർത്ഥ എൻ സി പിയായി മാറി. പാർട്ടി പിളർത്തി ബിജെപി ക്യാംപിൽ എത്തിയ അജിത് പവാർ അടക്കമുള്ള എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു ശരദ് പവാർ വിഭാഗത്തിന്റെ ആവശ്യം. അജിത് പക്ഷം തിരിച്ചും പരാതി നൽകിയിരുന്നു. ഇരു വിഭാഗത്തിന്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാർ വിഭാഗത്തിന് അംഗീകാരം നൽകിയിരുന്നു. അജിത് പവാറിനൊപ്പം നിൽക്കാതിരുന്ന ശരദ് പവാർ വിഭാഗം അംഗങ്ങളെ അയോഗ്യരാക്കണമെന്നും സ്പീക്കർക്ക് മുന്നിൽ പരാതി ഉണ്ടായിരുന്നു. ഇതോടെ ശരദ് പവാറിനൊപ്പമുള്ളവർ കൂടുതൽ പ്രതിസന്ധിയിലാവും.

കഴിഞ്ഞ വർഷം ജൂണിൽ ശരദ് പവാറിനോട് കലഹിച്ച് വേറിട്ട് പോയ 41 എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു സ്പീക്കർക്ക് മുമ്പാകെ വന്ന ഹർജി. 'അജിത് പവാർ നയിക്കുന്ന എൻസിപിയാണ് യഥാർഥ എൻസിപി. അജിത് പവാറിന് 41 എം എൽ എമാരുടെ ഭൂരിപക്ഷമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളെല്ലാം തള്ളുന്നു', സ്പീക്കറുടെ വിധിയിൽ പറഞ്ഞു. ഫെബ്രുവരി 15 വരെയാണ് സ്പീക്കർക്ക് തീരുമാനമെടുക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നത്.

പിളർപ്പിന് മുമ്പ് എൻസിപിക്ക് 53 എംഎൽഎമാർ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് അജിത് പവാറിന്റെ കൂടെ 41 വിമതർ വിട്ടുപോയതോടെ ശരദ് പവാറിനൊപ്പം 12 പേർ മാത്രമായി. താൻ 1999 ൽ സ്ഥാപിച്ച എൻസിപിയുടെ കടിഞ്ഞാൺ അജിത് പവാർ തട്ടിയെടുക്കുന്ന കാഴ്ചയാണ് വയോധികനായ ശരദ് പവാറിന് കാണേണ്ടി വന്നത്.

കഴിഞ്ഞാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനും അജിത് പവാർ പക്ഷത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സ്പീക്കറുടെയും വിധി. ശരദ് പവാർ വിഭാഗം ഇപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ്ചന്ദ്ര പവാർ എന്നാണ് അറിയപ്പെടുന്നത്. പാർട്ടിയുടെ പേര് മാത്രമല്ല ചിഹ്നമായ ക്ലോക്കും ശരദ് പവാർ വിഭാഗത്തിന് നഷ്ടമായി. ഇരുവിഭാഗത്തെയും എംഎൽഎമാരുടെ അംഗസംഖ്യ നോക്കിയാണ് തിരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. സ്പീക്കറും ഇതേ കാരണം തന്നെയാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെ ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.