- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം 7 കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യില്ല; മുതിർന്ന നേതാക്കളെ ഗോദായിൽ ഇറക്കി വോട്ടുപിടിക്കുന്ന തന്ത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കും; തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി മോദിയും അമിത്ഷായും
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും, അതുനടപ്പാക്കുന്നതിലും മറ്റുരാഷ്ട്രീയ പാർട്ടികൾ ബിജെപിയെ കണ്ടുപഠിക്കണം. ഏപ്രിലിൽ രാജ്യസഭാ കാലാവധി കഴിയുന്ന ഏഴുകേന്ദ്രമന്ത്രിമാരെ ബിജെപി വീണ്ടും നാമനിർദ്ദേശം ചെയ്യില്ല. ഏഴുപേരെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നാണ് സൂചന. ആർക്കൊക്കെയാണ് വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം കിട്ടാത്തതെന്ന് നോക്കാം.
ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (ഗുജറാത്ത്), വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (മദ്ധ്യപ്രദേശ്), ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ (കർണാടക), പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് (രാജസ്ഥാൻ), ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല (ഗുജറാത്ത്), കൂടാതെ മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, വിദേശകാര്യ മന്ത്രി വി മുരളീധരൻ എന്നിവരെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യില്ലെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. നാരായൺ റാണെയും വി മുരളീധരനും മഹാരാഷ്ട്രയെയാണ് നിലവിൽ പ്രതിനിധീകരിക്കുന്നത്.
ധർമേന്ദ്ര പ്രധാൻ സ്വന്തം സംസ്ഥാനമായ ഒഡീഷയിലെ സംബാൽപൂരിൽ നിന്നോ ധേക്‌നാലിൽ നിന്നോ മത്സരിച്ചേക്കും. ഭൂപേന്ദ്ര യാദവ് രാജസ്ഥാനിലെ അൽവാറിൽ നിന്നോ മഹേന്ദ്രഗഡിൽ നിന്നോ മത്സരിച്ചേക്കും. രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിൽ നിന്ന് ജനവിധി തേടിയേക്കും. ബെംഗളൂരു സെൻട്രൽ, നോർത്ത്, സൗത്ത് മണ്ഡലങ്ങൾ നിലവിൽ ബിജെപിയുടെ കയ്യിലാണ്.
മൻസുഖ് മാണ്ഡവ്യ ഗൂജറാത്തിലെ ഭാവ് നഗറിൽ നിന്നോ സൂറത്തിൽ നിന്നോ മത്സരിക്കും. പർഷോത്തം രൂപാലെ രാജ്‌കോട്ടിൽ നിന്നായിരിക്കും മത്സരിക്കുക. വി മുരളീധരനെ കേരളത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടിയുടെ തീരുമാനം. രാജ്യസഭയിൽ നിന്നുള്ള രണ്ടുകേന്ദ്രമന്ത്രിമാരെയെ ബിജെപി നിലനിർത്തിയിട്ടുള്ളു. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്( ഒഡിഷ), ഫിഷറീസ് സഹമന്ത്രി എൽ മുരുഗൻ( മധ്യപ്രദേശ്). രണ്ടോ, അതിൽ അധികമോ തവണ രാജ്യസഭ എംപിയായ ആർക്കും വീണ്ടും നാമനിർദ്ദേശം നൽകിയിട്ടില്ല.
ആകെ ഒഴിവ് നൽകിയത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മാത്രമാണ്. നദ്ദ ഹിമാചലിന് പകരം ഗുജറാത്തിലേക്ക് മാറിയെന്ന് മാത്രം. ഈയാഴ്ച കോൺഗ്രസ് വിട്ട മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും രാജ്യസഭയിലേക്ക് അവസരം നൽകി. വിരമിക്കുന്ന 28 രാജ്യസഭാ എംപിമാരിൽ നാല് പേർക്ക് മാത്രമേ വീണ്ടും നാമനിർദ്ദേശം നൽകിയിട്ടുള്ളു. ബാക്കിയുള്ള 24 പേരോടും തങ്ങൾക്ക് താൽപര്യമുള്ള ലോക്‌സഭാ മണ്ഡലങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 56 സീറ്റുകളിലേക്കാണ് ഏപ്രിലിൽ ഒഴിവുവരുന്നത്. ഇതിൽ പുതുമുഖങ്ങളടക്കമുള്ള 28 സ്ഥാനാർത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. പട്ടികയിൽ വനിതകളുമുണ്ട്. ഈ തീരുമാനം സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. താഴെതട്ടിലുള്ള പ്രവർത്തർക്കും അവസരം നൽകാനാണ് തീരുമാനം. ധർമിഷ്ഠ ഗുപ്ത( ബിഹാർ), മേധ കുൽക്കർണി( മഹാരാഷ്ട്ര), മായ നരോലിയ( മധ്യപ്രദേശ്) എന്നീ ബിജെപിയുടെ പുതിയ രാജ്യസഭ എംപിമാരും വനിതാ വിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കുന്നവരാണ്.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച അതേ തന്ത്രമാണ് രാജ്യസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിലും പയറ്റുന്നത്. പരമാവധി പേരെ ജയിപ്പിച്ചെടുക്കാൻ, മുതിർന്നവരും സ്വാധീനമുള്ളവരുമായ നേതാക്കളെ തിരഞ്ഞെടുപ്പ് ഗോദായിൽ ഇറക്കുന്ന തന്ത്രം. ഈ തന്ത്രം വിജയിക്കുകയും, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ അധികാരത്തിലേറുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ഒരുക്കങ്ങൾ അതിവേഗത്തിലാക്കിയിരിക്കുകയാണ് ബിജെപി. ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം എല്ലാ ആഴ്ചയും ചൊവ്വാഴ്ച തോറും ചേർന്ന് സ്ഥാനാർത്ഥി മാറ്റം അടക്കം തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നു. ആദ്യ തവണ വോട്ടു ചെയ്യുന്നവർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, പിന്നോക്ക വിഭാഗങ്ങളിലെ വോട്ടർമാർ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ നടപ്പാക്കാനാണ് അമിത് ഷായും, നദ്ദയും ഇത്തരം ഒരു യോഗത്തിൽ നിർദ്ദേശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ