മുംബൈ: കാൻ ചലച്ചിത്രോത്സവത്തിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ഫീച്ചർ ഫിലിമിന് 'ഗ്രാൻഡ് പ്രി' പുരസ്‌കാരം നേടിയ പായൽ കപാഡിയയുടെ ചരിത്രനേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചിരുന്നു. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥിനിയാണ് പായൽ എന്നും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പായൽ ഇന്ത്യയുടെ അഭിമാനമാണെങ്കിൽ, അവർകകെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം എക്‌സിൽ കുറിച്ച് ശശി തരൂർ എംപി.

ബിജെപി സർക്കാർ യോഗ്യനല്ലാത്ത ചെയർമാനെ നിയമച്ചതിൽ പ്രതിഷേധിച്ച പായലിനും മറ്റ് വിദ്യാർത്ഥികൾക്കുമെതിരേയെടുത്ത കേസുകൾ പിൻവലിക്കേണ്ടതല്ലേയെന്നും തരൂർ ചോദിച്ചു. പായലിനെതിരായ കേസ് ചൂണ്ടിക്കാട്ടി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഗ്രാൻ പ്രി പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ എഴുതിയ പ്രശംസാക്കുറിപ്പിൽ എഫ്.ടി.ഐ.ഐ. നൽകിയ കേസിലെ 25-ാം പ്രതിയാണ് പായലെന്നും അടുത്തമാസം കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പായലിന്റെ നേട്ടം ആഘോഷിക്കുന്ന എഫ്.ടി.ഐ.ഐ.യുടെ ഇരട്ടത്താപ്പിനെ ബോളിവുഡ് നടൻ അലി ഫസലും വിമർശിച്ചു.

പായൽ കപാഡിയ കാനിൽ നിന്ന് തിരിച്ചെത്തി. ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിരെ സമരം ചെയ്തതിന് എഫ്ടിഐഐ തനിക്കെതിരെ ഫയൽ ചെയ്ത കേസിന്റെ വിചാരണയ്ക്കായി അവർ അടുത്ത മാസം പോകും. എന്ത് രസകരമാണല്ലേ" ഇതായിരുന്നു റസൂൽ പൂക്കുട്ടിയുടെ പോസ്റ്റ്. ഇതും തരൂർ തന്റെ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

എഫ്.ടി.ഐ.ഐ. ചെയർമാനായി മഹാഭാരതം സീരിയലിലെ നടനായിരുന്ന ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നതാണ് പായലിനെതിരേ കേസെടുക്കുന്നതിലേക്ക് നയിച്ചത്. 2015-ലെ കേസ് ഇപ്പോഴും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.) പിൻവലിച്ചിട്ടില്ല.

139 ദിവസം നീണ്ട പ്രക്ഷോഭത്തിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിലായി. പായലുൾപ്പെടെ 25 വിദ്യാർത്ഥികളുടെ പേര് കുറ്റപത്രത്തിലുണ്ട്. സമരത്തിന്റെ പേരിൽ പായലിന് സ്‌കോളർഷിപ്പ് നഷ്ടമായി. വിദേശത്തെ പഠനപരിപാടിയിൽ പങ്കെടുക്കാൻ വിലക്കും നേരിട്ടിരുന്നു.