ന്യൂഡൽഹി: കശ്മീരിലെ നയസമീപനങ്ങളുടെ പേരിൽ മോദി സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്ന മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റഷീദ് നിലപാട് മാറ്റി. മോദി സർക്കാരിനു കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കൂടിയായ ഷെഹ്ല റഷിദ് ട്വീറ്റ് ചെയ്തു. മോദി സർക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ താഴ്‌വരയിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെട്ടതായി ഷെഹ്‌ല എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ാംവകുപ്പ് റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജിക്കാരിൽ ഒരാളായിരുന്നു ഷെഹ്ല. പിന്നീട് അവർ തന്റെ പേര് പരാതിക്കാരുടെ പട്ടികയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

' ഇത് സമ്മതിക്കുക വിഷമമാണെങ്കിലും മോദി സർക്കാരിനും, ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ കശ്മീരിലെ മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെട്ടു. സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചത് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായകമായി', ഷെഹ്ല കുറിച്ചു

2016ൽ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കാളിയായിരുന്നു. കശ്മീരിൽ സൈന്യത്തിന്റെ ഇടപെടലുകളിൽ പ്രതിഷേധിച്ച ഷെഹ്‌ല ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റിൽ പ്രവർത്തിച്ചിരുന്നു.