- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേന വീണ്ടും എൻഡിഎയിലെത്തുമോ?
മുംബൈ: മഹാരാഷ്ട്രാ രാഷ്ട്രീയം മാറി മറിയും. ഇതിന്റെ സൂചനയാണ് ബിജെപി. ഏറ്റുവാങ്ങിയ കനത്തപരാജയം മുൻനിർത്തി ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് ബിജെപി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയും എൻസിപിയുടെ അജിത് പവാറും സഹകരിച്ചില്ലെന്ന് ഫഡ്നവിസ് വിമർശിച്ചിട്ടുണ്ട്. അതിനിടെ ആർ എസ് എസ് നിർദ്ദേശ പ്രകാരമാണ് ഫഡ്‌നവീസിന്റെ രാജി പ്രഖ്യാപനമെന്നും സൂചനയുണ്ട്. മഹാരാഷ്ട്രാ ബിജെപിയിൽ ഫഡ്‌നവീസിന്റെ ഇടപെടൽ കുറയ്ക്കണമെന്ന നിലപാടാണ് ആർ എസ് എസിനുള്ളത്. നിഥിൻ ഗഡ്ഗരിയെ പോലുള്ള ജനകീയരെ മഹാരാഷ്ട്രയിൽ തഴയുന്നുവെന്നാണ് ആർ എസ് എസ് നിലപാട്.
ശിവസേനയെ പിളർത്തിയതും ഉദ്ദവ് താക്കറെയെ വിമർശിക്കുന്നതുമൊന്നും ആർ എസ് എസിന് താൽപ്പര്യമില്ല. ശിവസേനയെ ഒരുമിപ്പിക്കണമെന്നും ഉദ്ദവ് താക്കറെയെ പിന്തുണയ്ക്കണമെന്നുമെല്ലാം ആഗ്രഹമുള്ള ആർ എസ് എസ് നേതാക്കൾ രാജ്യത്തുണ്ട്. ബിജെപിയുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷിയായിരുന്നു ശിവസേന. ഉദ്ദവിനെ മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് പറഞ്ഞാണ് ബിജെപി ആ ബന്ധം ഉപേക്ഷിച്ചത്. അതിന് ശേഷം ഷിൻഡേയെ പിളർത്തി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി ബിജെപി. നേരത്തെ തന്നെ ഉദ്ദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കിൽ മഹാരാഷ്ട്രയിൽ ദേശീയ ജനാധിപത്യ സഖ്യം കുലുക്കമില്ലാതെ തുടരുമായിരുന്നു. ഇത്തരത്തിൽ ശിവസേനയെ അകറ്റിയത് ഫഡ്‌നാവിസിന്റെ പിടിവാശിയാണെന്ന വിലയിരുത്തൽ പരിവാറിനുണ്ട്. ഈ സാഹചര്യത്തിലാണ് ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കാൻ തീരുമാനിക്കുന്നത്.
പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പങ്കെടുത്തിരുന്നില്ല. ഇതും ബിജെപി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഉദ്ദവിനെ വീണ്ടും സംഘപരിവാറിൽ എത്തിക്കാനുള്ള ആർ എസ് എസിലെ ചില നേതാക്കളുടെ ചരടു വലികളുടെ ഭാഗമാണ് ഇതെന്ന വിലയിരുത്തലും സജീവമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയേയും ബിജെപിയേയും ഒരുമിപ്പിക്കാനുള്ള നീക്കങ്ങളും ചിലർ നടത്തുന്നുണ്ട്. ഇതിലൊന്നും ശിവസേന ഇനിയും മനസ്സ് തുറന്നിട്ടില്ല. ഏതായാലും മഹാരാഷ്ട്രാ രാഷ്ട്രീയം മാറി മറിയുമെന്ന സൂചനയാണ് ഫഡ്‌നവിസിന്റെ രാജ്യ പ്രഖ്യാപനം നൽകുന്നത്.
ബിജെപി. കനത്തപരാജയം ഏറ്റുവാങ്ങിയതോടൊപ്പം മഹാരാഷ്ട്രയിൽ അജിത് പവാറിനും ഷിഡേയ്ക്കും ഇനി കാര്യങ്ങൾ എളുപ്പമാകില്ല. ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവരുടെ പാർട്ടികളെ ഒപ്പംകൂട്ടി നിയമസഭയിൽ മത്സരിച്ചാൽ സംസ്ഥാനം കൈവിട്ടുപോകുമെന്ന ആശങ്ക ബിജെപി.യുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദവ് താക്കറെയെ ബിജെപിയുമായി അടുപ്പിക്കാനും നീക്കമുണ്ട്. നിയമസഭയിൽ കൂടുതൽ സീറ്റുകൾ വാഗ്ദാനംചെയ്താണ് ബിജെപി. ലോക്‌സഭയിലേക്ക് 28 സീറ്റിൽ മത്സരിച്ചത്. അജിത് പവാർ വിഭാഗത്തിന് നാലും ഷിന്ദേവിഭാഗം ശിവസേനയ്ക്ക് 15-ഉം സീറ്റായിരുന്നു നൽകിയത്. തങ്ങളുടെ മണ്ഡലംപോലും പിടിച്ചെടുത്ത് മത്സരിച്ച ബിജെപി.യെ ഏക്‌നാഥ് ഷിഡേ ശിവസേനയും അജിത് പവാറിന്റെ എൻ.സി.പി.യും ധാരണയുണ്ടാക്കി തോൽപ്പിച്ചുവെന്ന പരാതി ഫഡ്‌നാവീസിനുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ അജിത് പവാർ എൻ.സി.പി. വിഭാഗം പിളർപ്പിലേക്കു നീങ്ങുന്നതായും സൂചനയുണ്ട്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലെ 40 പേരിൽനിന്ന് 19 എംഎൽഎ.മാർ തിരിച്ചെത്തുമെന്ന് എൻ.സി.പി. ശരദ് പവാർ വിഭാഗം അവകാശപ്പെടുന്നു. ലോക്‌സഭയിലേക്ക് ഒരു സീറ്റിൽമാത്രമാണ് അജിത് പവാർ പക്ഷത്തിന് ജയിക്കാനായത്. 19 എംഎൽഎ.മാർ തിരിച്ചെത്താൻ താത്പര്യം അറിയിച്ചെന്നും 12 എംഎൽഎ.മാർ ബിജെപി.യുമായി ചർച്ചനടത്തിയെന്നുമാണ് ശരദ് പവാറിന്റെ കൊച്ചുമകൻ രോഹിത് പവാറിന്റെ അവകാശവാദം.
ശരദ് പവാർ എൻ.സി.പി. മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും വിജയിച്ചു. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലപേശൽശക്തിയില്ലാതെ ബിജെപി. സഖ്യത്തിൽ തുടരുന്നത് അജിത് പവാറിനും വെല്ലുവിളിയാണ്.