മുംബൈ: യഥാർത്ഥ ശിവസേനയെന്ന ഉദ്ദവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളുടെ അവകാശവാദം തുടരുന്നതിനിടെ ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ താത്കാലികമായി മരവിപ്പിച്ചു. തർക്കം പരിഹരിക്കുന്നത് വരെ ഇരു വിഭാഗങ്ങൾക്കും ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല.ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗവും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഇതോടെ, അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർശിച്ചിട്ടുള്ള ചിഹ്നങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരും.

ഇരുകൂട്ടരോടും പുതിയ പേര് തിരഞ്ഞെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ യഥാർഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ വാദം.

ആരാണ് യഥാർഥ ശിവസേന എന്ന് തീരുമാനിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ചിഹ്നം മരവിപ്പിക്കാൻ കമ്മിഷൻ തീരുമാനിച്ചത്. പാർട്ടിയിൽനിന്നും എംഎ‍ൽഎ.മാരെ അടർത്തിമാറ്റി ബിജെപി.യുമായി സഹകരിച്ച് ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപവത്കരിച്ച് നാലു മാസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം താക്കറെ വിഭാഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.

പാർട്ടി ചിഹ്നം ആർക്ക് എന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാഗത്തിന്റെ വാദം.

ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കറെ വിഭാഗത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം നിർണായകമായിരിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാഗത്തിനൊപ്പം പോയതോടെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു.