ബംഗളൂരു: കേരളത്തിനോട് മാപ്പില്ല. എന്നാൽ തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദലജെ. ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് മാപ്പു പറച്ചിൽ. വിഷയം തമിഴ്‌നാട് രാഷ്ട്രീയമായി ഉയർത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബെംഗളൂരുവിൽ സ്‌ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണു മാപ്പു പറഞ്ഞത്. തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചില്ല എന്നാണ് ശോഭയുടെ വിശദീകരണം. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചില്ല. തമിഴ്‌നാട്ടിൽ ബിജെപിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെയാണ് മത്സരിപ്പാൻ ഇറക്കുന്നത്. രാമനാഥ പുരത്ത് പ്രധാനമന്ത്രി മോദി തന്നെ മത്സരിക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ശോഭയുടെ മാപ്പു പറയൽ.

തമിഴ്‌നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്‌ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്. ഇത് ഏറെ വിവാദമായി. തമിഴ്‌നാട്ടിൽ ബിജെപിക്കെതിരെ ഇത് ചർച്ചയുമായി. ഇതോടെയാണ് ശോഭ മാപ്പു പറയുന്നത്. ശോഭയുടെ പ്രസ്താവനയിൽ മലയാളികളും അസ്വസ്ഥരാണ്. അതുകൊണ്ട് മലയാളി പ്രതിഷേധം തുടരും.

"ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർത്ഥികൾക്കു നേരെ ആസിഡ് ഒഴിക്കുന്നു" ശോഭ പറഞ്ഞു. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നെന്നും ശോഭ ആരോപിച്ചിരുന്നു.

ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരുവിലെ രാമശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർത്ഥിനികൾക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു പ്രസ്താവന.

ശോഭയ്ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. ഇതെല്ലാം തമിഴ്‌നാട് ചർച്ചയാക്കി.

ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഒന്നുകിൽ എൻഐഎ ഉദ്യോഗസ്ഥരായിരിക്കണം അല്ലെങ്കിൽ സ്‌ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇതോടെ വിഷയത്തിൽ ബിജെപി ദേശീയ നേതൃത്വം ഇടപെടുകയായിരുന്നു.