- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ ടുഡേ ടിവി കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. മറുകണ്ടം ചാടാനായി ബിജെപി കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ തന്റെ കീഴിലുള്ള കോൺഗ്രസ് സർക്കാർ തകരുമെന്നുള്ള ബിജെപി ആരോപണത്തെ കുറിച്ച് ചോദിച്ചതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
'കഴിഞ്ഞ ഒരുവർഷമായി അവർ എന്റെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്തു. അവർ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു',സിദ്ധരാമയ്യ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ സർക്കാർ വീഴുമോ എന്ന ചോദ്യത്തിന് അതുസാധ്യമല്ലെന്നായിരുന്നു മറുപടി. ' ഞങ്ങളുടെ എംഎൽഎമാർ വിട്ടുപോകില്ല. ഒരൊറ്റ എംഎൽഎ പോലും പോകില്ല', അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുമെന്നും സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, സിദ്ധരാമയ്യയുടെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന് ബിജെപി തള്ളി. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആൾക്കാരുടെ സഹതാപം പിടിച്ചുപറ്റാൻ മാത്രമാണ് ഈ ആരോപണങ്ങളെന്ന് ബിജെപി എംപി എസ് പ്രകാശ് ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
മുഖ്യപ്രശ്‌നങ്ങളിലും, സിദ്ധരാമയ്യ സർക്കാരിന്റെ നേട്ടങ്ങളിലും ശ്രദ്ധയൂന്നുന്നതിന് പകരം മുഖ്യമന്ത്രി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എസ് പ്രകാശ് പ്രതികരിച്ചു. കർണാടകത്തിലെ 28 സീറ്റിൽ ജയിക്കാൻ ശ്രമിക്കുന്നതിന് പകരം തിരഞ്ഞെടുപ്പിന് ശേഷം സ്വന്തം കാലുറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബിജെപി എംപി പറഞ്ഞു.