ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തന്റെ ചില മന്ത്രിമാർക്കൊപ്പം സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെ, കോൺഗ്രസും, ബിജെപിയും തമ്മിൽ രൂക്ഷമായ വാക്‌പോര്. കർണാടകയിലെ കടുത്ത വരൾച്ച ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യയുടെ ആഡംബരത്തെ ബിജെപി മുന വച്ച വാക്കുകളിൽ വിമർശിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രിയുടെ വിമാന യാത്രകൾ എടുത്തുപറഞ്ഞുകൊണ്ട് കോൺഗ്രസ് ബിജെപിയെ ചെറുക്കാൻ ശ്രമിക്കുന്നു,

വൈറലായ വീഡിയോയിൽ, സിദ്ധരാമയ്യ, ഒരു ആഡംബര സ്വകാര്യ ജറ്റിൽ ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാൻ, റവന്യു മന്ത്രി കൃഷ്ണ ബൈർ ഗൗഡ എന്നിവർക്കൊപ്പം ഇരിക്കുന്നത് കാണാം. 'നമ്മുടെ മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രചെയ്യുന്ന സന്തോഷ നിമിഷങ്ങൾ' എന്ന കുറിപ്പോടെ സമീർ അഹമ്മദ് ഖാനാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വൈകാതെ തന്നെ വിമർശനവുമായി കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര എത്തി. കർണാടക കടുത്ത വരൾച്ചയിൽ നട്ടംതിരിയുന്ന ഈ സമയത്ത്, സംസ്ഥാനത്തെ കർഷകർ വിളനാശത്തിൽ പൊറുതിമുട്ടുമ്പോൾ കോൺഗ്രസ് നേതാക്കൾ ആഡംബര ജീവിതം നയിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

സിദ്ധരാമയ്യയ്ക്ക് സ്വകാര്യ വിമാനത്തിൽ പറക്കുന്നതിന് പകരം സാധാരണ വിമാനത്തിൽ പോകാമായിരുന്നുവെന്ന് ബിജെപി വക്താവ് എസ്. പ്രകാശ് എൻഡിടിവിയോട് പറഞ്ഞു. 200-ലധികം താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ, ഇത്തരത്തിലുള്ള ആഡംബര ചാർട്ടേഡ് വിമാന യാത്ര വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണെന്നും പ്രകാശ് പറഞ്ഞു.

ബിജെപിയുടെ വിമർശനത്തിന് മോദിയുടെ വിദേശയാത്രകളെയും, അതിനുവേണ്ടി ചെലവഴിക്കുന്ന പണത്തെയും എടുത്തുപറഞ്ഞാണ് സിദ്ധരാമയ്യ ചെറുക്കാൻ ശ്രമിച്ചത്. ഓപ്പറേഷൻ താമരയ്ക്കായി ബിജെപി ചെലവഴിച്ച പണവും അദ്ദേഹം ഓർമ്മിപ്പിച്ചു.

' എങ്ങനെയാണ് നരേന്ദ്ര മോദി യാത്ര ചെയ്യുന്നത്. നിങ്ങൾ അതാദ്യം പറയു. ഈ ചോദ്യം ബിജെപിക്കാരോട് ചോദിക്കു. ഏതു വിമാനത്തിലാണ് മോദി യാത്ര ചെയ്യുന്നത്? 60 പേർക്കുള്ള വിമാനത്തിൽ അദ്ദേഹം ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്. എന്തുകൊണ്ടാണ് അത്? ഇതിന് ബിജെപി നേതാക്കൾ നിസ്സാരമായ മറുപടി എന്തെങ്കിലും പറയും', സിദ്ധരാമയ്യ പറഞ്ഞു.

പിന്നീട് പ്രധാനമന്ത്രി 74 വിദേശ യാത്രകൾ നടത്തിയെന്ന കണക്കുമായി സിദ്ധരാമയ്യ എക്‌സിൽ കുറിപ്പിട്ടു. കോൺഗ്രസ്-ജെഡിഎസ് മുന്നണി സർക്കാരിനെ തകിടം മറിക്കാൻ കോടിക്കണക്കിന് രൂപയാണ് ഓപ്പറേഷൻ താമരയിൽ ബിജെപി ചെലവഴിച്ചത്. പ്രത്യേക വിമാനത്തിൽ എംഎൽഎമാരെ ഡൽഹിയിലും മുംബൈയിലുമായി പ്രത്യേക വിമാനത്തിൽ പറത്തി. ആഴ്ചകളോളം ആഡംബര ഹോട്ടലുകളിൽ താമസം. ഇതിനെല്ലാം ഉള്ള തുക ബിജെപി നേതാക്കൾ തൊഴിലുറപ്പിലൂടെ സമ്പാദിച്ചതല്ല. പാവപ്പെട്ട ജനങ്ങളുടെ നികുതി പണം കൊണ്ടാണ്, സിദ്ധരാമയ്യയുടെ പോസ്റ്റിൽ പറഞ്ഞു.

2014 ജൂൺ 15 മുതൽ 2023 സെപ്റ്റംബർ വരെ പ്രധാനമന്ത്രി 74 വിമാനയാത്രകൾ നടത്തി. ഓരോ യാത്രയുടെയും ശരാശരി ചെലവ് 8.9 കോടിയാണ്. പട്ടിണി സൂചികയിൽ രാജ്യം 111 ാം മതാണ്. രാജ്യത്തെ ജനങ്ങൾ പട്ടിണിയിൽ കഷ്ടപ്പെടുമ്പോൾ പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ വിദേശത്തേക്ക് പറന്ന് രസിക്കുന്നു, കർണാടക മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിപരമായ ആവശ്യത്തിനല്ല, മുഖ്യമന്ത്രി ജെറ്റ് വിമാനം ഉപയോഗിച്ചതെന്നും, സമയം ലാഭിക്കാൻ വേണ്ടിയാണ് അദ്ദേഹം പ്രത്യേക വിമാനം ഉപയോഗിച്ചതെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ന്യായീകരിച്ചു. പ്രത്യേക വിമാനത്തിൽ പോയതിൽ എന്താണ് തെറ്റെന്ന് സമീർ അഹമ്മദ് ഖാൻ ബിജെപിയോട് ചോദിച്ചു. ഡൽഹി യാത്ര അടിയന്തരമായിരുന്നുവെന്നും സാധാരണ വിമാനങ്ങൾക്ക് ടിക്കറ്റ് ലഭ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത ദിവസം മന്ത്രിസബായോഗം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോകൾ സ്വൈപ്പ് ചെയ്യുന്നതിന്നതിനുപകരം വരൾച്ച ബാധിത പ്രദേശങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിക്കുന്നു.

അതേസമയം, മറ്റുപല ബിജെപി നേതാക്കലും സിദ്ധരാമയ്യയെ വിമർശിച്ചു. തീർത്തും അനുചിതമാണ് കർണാടക മുഖ്യമന്ത്രിയുടെ ആഡംബര സ്വകാര്യ വിമാന യാത്രയെന്ന് പാർവലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി. ' ഒരുഭാഗത്ത് കോൺഗ്രസ് ക്രൗഡ് ഫണ്ടിങ് എന്ന് ഭാവിക്കുന്നു. ഇന്ത്യ സഖ്യയോഗത്തിൽ സമോസ പോലും വിളമ്പുന്നില്ല. മറുവശത്ത് സമീർ അഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കൊപ്പമുള്ള സ്വകാര്യ വിമാനയാത്രയുടെ പൊങ്ങച്ചം പറയുകയാണ്, ബിജെപി ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യ പരിഹസിച്ചു.