ന്യൂഡൽഹി: 25 വർഷമായി റായ്ബറേലിയുമായി തുടരുന്ന വൈകാരിക ബന്ധമാണ് സോണിയ ഗാന്ധി അവസാനിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയായി സോണിയ നോമിനേഷൻ സമർപ്പിച്ചിരിക്കയാണ്. ഇതോടെ സോണിയ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വൈകാരിക കുറിപ്പുമായി രംഗത്തുവന്നു. ആരോഗ്യ കാരണങ്ങൾ കാരണമാണ് മത്സരിക്കാത്തത് എന്നാണ് സോണിയ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യകാരണങ്ങളാലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. റായ്ബറേലിയിലെ ജനങ്ങൾക്കെഴുതിയ കുറിപ്പിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്. 2004 മുതൽ താൻ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. ഇന്ന് താൻ എന്തായോ അതിനെല്ലാം കാരണം നിങ്ങളാണ്. നിങ്ങളുടെ വിശ്വാസത്തോട് സത്യസന്ധത പുലർത്താൻ സാധ്യമായതെല്ലാം ചെയ്തുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. പ്രായാധിക്യവും ആരോഗ്യപ്രശ്നവും കാരണം ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കില്ലെന്നും സോണിയ പറഞ്ഞു.

ഈ തീരുമാനത്തിന് ശേഷം എനിക്ക് നിങ്ങളെ നേരിട്ട് സേവിക്കാനുള്ള അവസരം ഉണ്ടാകില്ല, എന്നാൽ എന്റെ ഹൃദയവും ആത്മാവും നിങ്ങൾക്കൊപ്പമാണ്. ഭാവിയിലും നിങ്ങൾ എനിക്കും കുടുംബത്തിനുമൊപ്പം നിൽക്കുമെന്ന് അറിയാമെന്നും സോണിയ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

റായ്ബറേലിയുമായി കുടുബത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണ്. സ്വാതന്ത്ര്യാനന്തരം നടന്ന പൊതുതെരഞ്ഞെടുപ്പിൽ തന്റെ ഭർതൃപിതാവ് ഫിറോസ് ഗാന്ധിയെ ലോക്സഭയിലേക്ക് അയച്ചു. അതിന് ശേഷം എന്റെ അമ്മായി അമ്മ ഇന്ദിരയെ സ്വീകരിച്ചു. എന്റെ അമ്മായി അമ്മയെയും ഭർത്താവിനെയും നഷ്ടമായപ്പോഴാണ് നിങ്ങളുടെ അടുത്ത് എത്തിയത്. നിങ്ങൾ ഇരും കൈയും നീട്ടി തന്നെ സ്വീകരിച്ചു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ പ്രതികൂല സാഹചര്യങ്ങളിലും നിങ്ങൾ തന്ന ശക്തമായ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും സോണിയ പറഞ്ഞു.

രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് മുൻ കോൺഗ്രസ് അധ്യക്ഷ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് വോട്ടർമാർക്ക് കത്തെഴുതിയത്. സോണിയയുടെ ഒഴിവിൽ മകൾ പ്രിയങ്ക റായ്ബറേലിയിൽ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതാദ്യമായാണ് സോണിയ രാജ്യസഭയിൽ എത്തുന്നത്.