ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് സൂചന. സോണിയ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്‌സഭയിലെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

സോണിയയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് ദിഗ്‌വിജയ്‌സിങ് നേരത്തെ സൂചിപ്പിച്ചിരുന്നു. സോണിയ പങ്കെടുത്തില്ലെങ്കിൽ, കോൺഗ്രസ് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നും സിങ് പറഞ്ഞിരുന്നു. കോൺഗ്രസ് കേരള ഘടകവും, മുസ്ലിം ലീഗുമൊക്കെ ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിർക്കുമ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിന് തീരുമാനം എടുക്കുക പ്രയാസമാണ്. ഇന്ത്യ ബ്ലോക്കിലെ ലീഗ് അടക്കം ഘടകക്ഷികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് സോണിയ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കാതിരുന്നാൽ, അത് തിരിച്ചടിയാകുമോ എന്നാണ് ഹൈക്കമാൻഡിന്റെ ആശങ്ക. ചടങ്ങിൽ പങ്കെടുക്കാതിരുന്നാൽ, ബിജെപി ആ അസാന്നിധ്യം തിരഞ്ഞെടുപ്പിൽ മാരകായുധമായി പ്രയോഗിക്കുമെന്നും ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ഘടകക്ഷികളുമായുള്ള ചർച്ചയിൽ ഇക്കാര്യം കോൺഗ്രസ് വിശദീകരിച്ചെന്നാണ് സൂചന.

അതേസമയം, ചടങ്ങിൽ പങ്കെടുത്താൽ, മുസ്ലീങ്ങൾ മാത്രമല്ല, ന്യൂനപക്ഷ സമുദായം ഒന്നാകെ പാർട്ടിക്കെതിരെ തിരിയുമെന്ന ഭയവും കോൺഗ്രസിനുണ്ട്. എന്നാൽ, വിട്ടുനിന്നാൽ ബിജെപി അത് മുതലാക്കുമെന്ന പേടിയും. മതത്തെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന പേരിൽ സിപിഎമ്മും സിപിഐയും നേരത്തെ തന്നെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ കരുത്ത് കാട്ടലാകും ചടങ്ങെന്ന് പറഞ്ഞ് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും വിട്ടുനില്ക്കും.

ലീഗിന്റെ സമ്മർദ്ദം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസിന് മേൽ മുസ്‌ലിം ലീഗ് സമ്മർദ്ദം. കോൺഗ്രസ് മതേതര നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടിയന്തര യോഗത്തിന് ശേഷം ലീഗ് നേതാക്കൾ പറഞ്ഞു. ഇത് മതവിശ്വാസത്തിനെതിരായ നിലപാടല്ലെന്നും ബിജെപിയുടെ ലക്ഷ്യം തിരിച്ചറിയണമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന ആവശ്യം സുന്നി നേതൃത്വം ഉന്നയിച്ചതോടെയാണ് ലീഗ് അടിയന്തര യോഗം ചേർന്നത്. കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കരുതെന്ന നിലപാട് നേതൃത്വത്തെ അറിയിക്കും. എന്നാൽ പരസ്യമായി അത് വെട്ടിത്തുറന്ന് പറയാതെ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന രീതിയിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരു രാഷ്ട്രീയ ഉദ്ഘാടനമെന്ന തരത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കൊണ്ടുപോകുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അത് എല്ലാ രാഷ്ട്രീയ പാർട്ടികളും തിരിച്ചറിയണം. എന്നിട്ട് സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരത്വ കാഴ്ചപ്പാടുള്ള പാർട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺ?ഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞിരുന്നു. ജനുവരി 22 ന്ാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങ്.