- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ തകർക്കാൻ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം; സോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനകുതി വകുപ്പിന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജ്ജുന ഖാർഗെയും എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചാണ് ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തുവന്നത്. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് പാർട്ടി പാർലമെന്ററി ചെയർപേഴ്സൺ സോണിയ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അവർ പറഞ്ഞു.
'പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം മരവിപ്പിക്കുകയും ഞങ്ങളുടെ അക്കൗണ്ടുകളിൽനിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുന്നു. എന്തായിരുന്നാലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായി കൊണ്ടുപോകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി. മറുവശത്ത്, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഫണ്ടുകൾക്കുനേരെ ആക്രമണം നടത്തുകയാണ്. ഇത് അഭൂതപൂർവവും ജനാധിപത്യവിരുദ്ധവുമാണ്', സോണിയ പറഞ്ഞു.
'ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. ഞങ്ങൾക്ക് പ്രചാരണ പ്രവർത്തനങ്ങളൊന്നും ചെയ്യാൻ കഴിയുന്നില്ല, ഞങ്ങളുടെ പ്രവർത്തകരെ പിന്തുണയ്ക്കാൻ കഴിയുന്നില്ല, ഞങ്ങളുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കോൺഗ്രസിന് ഒരുമാസമാണ് നഷ്ടമായത്', രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ ക്രിമിനൽ നടപടിയാണിതെന്നും രാഹുൽ ആരോപിച്ചു. 'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഇന്ന് ജനാധിപത്യമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറി', രാഹുൽ പറഞ്ഞു.
അധികാരത്തിലിരിക്കുന്നവർ മാധ്യമങ്ങളെയും ആദായ നികുതി വകുപ്പിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും തെരഞ്ഞെടുപ്പ് കമീഷനെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
'ലോകത്തെ മുഴുവൻ ജനാധിപത്യ മൂല്യങ്ങൾക്കും മാതൃകകൾക്കും പേരുകേട്ടതാണ് ഇന്ത്യ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ പരിഗണനയോടൊപ്പം നീതിയുക്തമായ തെരഞ്ഞെടുപ്പ് ഏതൊരു ജനാധിപത്യത്തിനും അനിവാര്യമാണ്. അധികാരത്തിലിരിക്കുന്നവർ മാധ്യമങ്ങളെയും ആദായ നികുതി വകുപ്പിനെയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും തെരഞ്ഞെടുപ്പ് കമീഷനെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ' -ഖാർഗെ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് കോൺഗ്രസിന് പിഴ ചുമത്തുന്നത്, അതും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ചോദിച്ചു. 07% പൊരുത്തക്കേടിന് കോൺഗ്രസിന് 106% പിഴ ചുമത്തുന്ന തരത്തിലാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസിന്റെ ആരോപണം.