- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറ് കൊണ്ട് പരിക്ക്
ഹൈദരാബാദ്: പ്രചാരണത്തിനിടെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറ് കൊണ്ട് പരിക്ക്. വിജയവാഡയിലെ പ്രചാരണത്തിനിടെയാണ് അജ്ഞാതനായ വ്യക്തി ജഗന് നേരേ കല്ലെറിഞ്ഞത്.
'മേമന്ത സിദ്ധം' ( ഞങ്ങൾ തയ്യാറാണ്) ബസ് യാത്രാ പരിപാടിയുടെ ഭാഗമായി ബസിൽ പ്രചാരണം നടത്തുകയായിരുന്നു വൈ എസ് ആർ കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ. ഇടത് കൺപുരികത്തിന് തൊട്ടുമുകളിലാണ് കല്ല് കൊണ്ടത്. കണ്ണിൽ കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ട ജഗനെ ആശുപത്രിയിലാക്കി. രണ്ട് തുന്നലിടേണ്ടി വന്നു. ജഗനൊപ്പം ഉണ്ടായിരുന്ന വിജയവാഡ-വെസ്റ്റ് എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസിന്റെ ഇടതു കണ്ണിന് പരുക്കേറ്റു.
സമീപത്തെ സ്‌കൂളിൽ നിന്നാണ് കല്ലെറിഞ്ഞതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ടിഡിപി സഖ്യത്തിന്റെ ഗൂഢാലോചനയാണ് ആക്രമണമെന്നും പാർട്ടി ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന് മുകളിൽ നിന്ന് റോഡിന്റെ ഇരുവശത്തും നിന്ന ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ജഗനെ കാണാം. പിന്നീട് ഇടത് കണ്ണിലേക്ക് കൈ ഉയർത്തുന്നതും, കൂടെയുള്ള ആൾ ഒരു തുണി കൊണ്ട് കൺപുരികം ഒപ്പുന്നതും കാണാം. ജനക്കൂട്ടത്തിന് നേരേ കൈകൂപ്പിയ ശേഷമാണ് ജഗൻ ബസ്സിനുള്ളിലേക്ക് നീങ്ങുന്നത്. ബസിൽ വച്ച് ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജഗൻ പ്രചാരണം തുടർന്നു.
175 അംഗ ആന്ധ്ര നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റിലേക്കും. മെയ് 13 നാണ് വോട്ടെടുപ്പ്. 2019 ൽ വൈഎസ്ആർസിപി 151 നിയമസഭാ സീറ്റിലും 22 ലോക്‌സഭാ സീറ്റിലും ജയിച്ചിരുന്നു. ഇത്തവണ ടിഡിപി, ബിജെപി, ജനസേന പാർട്ടികളുടെ സഖ്യത്തിൽ നിന്ന് കനത്ത വെല്ലുവിളി നേരിടുകയാണ് വൈഎസ്ആർ പാർട്ടി.