ന്യൂഡൽഹി: നരേന്ദ്ര മോദിയെ നിരന്തരം വിമർശിക്കുന്ന ബിജെപി നേതാവാണ് സുബ്രഹ്‌മണ്യൻ സ്വാമി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടും അദ്ദേഹം വിമർശനം അഴിച്ചുവിട്ടു. 'വ്യക്തിജീവിതത്തിൽ മോദി ഒരിക്കലും ഭഗവാൻ രാമനെ പിന്തുടർന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ. പ്രാണപ്രതിഷ്ഠാ പൂജയിൽ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണ്. കഴിഞ്ഞ ദശകത്തിൽ രാമരാജ്യത്തിനനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ല' - എക്സിലെ കുറിപ്പിൽ സ്വാമി പറഞ്ഞു.

മുമ്പും നരേന്ദ്ര മോദിക്കെതിരെ സുബ്രഹ്‌മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാൻ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തിൽ എങ്ങനെ പൂജ ചെയ്യാനാകും എന്നായിരുന്നു അദ്ദേഹം അന്ന് കുറിച്ചത്.

'അയോധ്യയിലെ രാംലല്ലാ മൂർത്തിയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമൻ യുദ്ധം ചെയ്തത്. എന്നാൽ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിലാണ് മോദി അറിയപ്പെടുന്നത്. അതിനാൽ മോദിക്ക് പൂജ നടത്താനാകുമോ', എന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ ചോദ്യം.