ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്തയാളാണ് ബിജെപി നേതാവായ സുബ്രഹ്‌മണ്യൻ സ്വാമി. മോദിയുടെ ഖത്തർ സന്ദർശനമാണ് ഏറ്റവും ഒടുവിൽ സ്വാമിയുടെ വിമർശന വിഷയം. ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി ആരോപിച്ചു. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സ്വാമി എക്‌സിൽ കുറിച്ചു. തന്റെ എക്‌സിലെ കുറിപ്പിൽ സുബ്രഹ്‌മണ്യൻ സ്വാമി ഇങ്ങനെ പറയുന്നു: ' ഖത്തറിലേക്ക് പോകുമ്പോൾ മോദി തനിക്കൊപ്പം സിനിമാ താരം ഷാരൂഖ് ഖാനെ കൂടി കൊണ്ടുപോകണം. ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയയ്ക്കുന്നതിന് ഷെയ്ഖുമാരെ പ്രേരിപ്പിക്കുന്നതിൽ വിദേശ കാര്യമന്ത്രാലയവും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും പരാജയപ്പെട്ടപ്പോൾ, മോദി ഷാരൂഖിനോട് ഇടപെടാൻ ആവശ്യപ്പെട്ടു. അങ്ങനെ നമ്മുടെ നാവികരെ വിട്ടയയ്ക്കുന്നതിന് ഖത്തർ ഷെയ്ഖുമാരുമായി വളരെ ചെലവേറിയ ഒത്തുതീർപ്പു വേണ്ടി വന്നു', സ്വാമി കുറിച്ചു.

തന്റെ ഖത്തർ സന്ദർശനവുമായി ബന്ധപ്പെട്ട് മോദി ഇട്ട പോ്‌സ്റ്റിനുള്ള പ്രതികരണമായാണ് സ്വാമിയുടെ കുറിപ്പ്. സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. യു എ ഇയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ അമിർ തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തെ മോദി പുകഴ്‌ത്തുക മാത്രമാണുണ്ടായത്. അമിറിന്റെ നേതൃത്വം ഖത്തറിനെ വലിയ വളർച്ചയിലേക്ക് നയിച്ചുവെന്ന് മോദി പറഞ്ഞു. നാളെ വൈകിട്ട് മോദി ഖത്തർ അമിറിനെ കാണും. നാവികരെ വിട്ടയച്ചത് യാത്രയ്ക്ക് മുമ്പുള്ള പ്രസ്താവനയിൽ മോദി പരാമർശിച്ചിട്ടില്ല. യു എ ഇ സന്ദർശനത്തിന് ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് മോദി ഡൽഹിയിൽ നിന്ന് യാത്രതിരിച്ചത്.

വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുൻനാവികരെ ഖത്തർ മോചിപ്പിച്ചത് നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. ഖത്തറിൽ ജയിലിൽ തുടർന്ന നാവികരെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയാണ് വിട്ടയക്കാൻ തീരുമാനിച്ചത്. അതിൽ മലയാളി ഉൾപ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലർച്ചെ ഇന്ത്യയിലെത്തി. ഒരാൾ വൈകാതെയെത്തും.

ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയിൽ തുടരുന്ന കമാൻഡർ പൂർണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.