ന്യൂഡൽഹി: തനിക്ക് ശരിയല്ല എന്നു തോന്നുന്ന എന്തിനെയും വിമർശിക്കുന്ന ആളാണ് ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരം കിട്ടുമ്പോഴെല്ലാം വിമർശിക്കാറുള്ള അദ്ദേഹം ബിജെപി നേതൃത്വുമായി അടുപ്പത്തിലല്ല താനും. ഏറ്റവുമൊടുവിൽ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ പൂജാ ചടങ്ങിൽ മോദി പങ്കെടുക്കുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

എക്‌സിലാണ് സ്വാമിയുടെ കുറിപ്പ്. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാൻ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തിൽ എങ്ങനെ പൂജ ചെയ്യാനാകും എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.

'അയോധ്യയിലെ രാംലല്ലാ മൂർത്തിയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമൻ യുദ്ധം ചെയ്തത്. എന്നാൽ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനാണ് മോദി അറിയപ്പെടുന്നത്. അതിനാൽ മോദിക്ക് പൂജ നടത്താനാകുമോ', എന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ ചോദ്യം.

യശോദബെൻ എന്ന അദ്ധ്യാപികയുമായുള്ള മോദിയുടെ വിവാഹം 2014 ലാണ് പരസ്യമായത്. വിവാഹം മോദിയുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് മൂത്ത സഹോദരൻ സോംബായി മോദി നേരത്തെ പറഞ്ഞിരുന്നു. സ്വാമി വിവേകാനന്ദന്റെ പാഠങ്ങളാൽ പ്രചോദിതനായി മോദി സമൂഹത്തിന്റെയും രാജ്യത്തിന്റെയും സേവനത്തിനായി ഇറങ്ങി തിരിക്കുകയായിരുന്നു എന്നാണ് സഹോദരൻ പറഞ്ഞത്.

ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.