ചെന്നൈ: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കേന്ദ്രസർക്കാരിന് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്ഥിരമായി കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതും ഈ വിഷയത്തിലാണ്. എന്നാൽ, കോൺഗ്രസ് മാത്രമല്ല, ബിജെപിയിലെ തന്നെ സുബ്രഹ്‌മണ്യൻ സ്വാമിയും നിരന്തരം ഈ പ്രശ്‌നം ഉന്നയിക്കുന്ന നേതാവാണ്.

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പോവുകയാണെന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ സ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. മോദിയെ ശക്തമായി വിമർശിക്കുന്ന കുറിപ്പാണ് അദ്ദേഹം ഇട്ടിരിക്കുന്നത്. ' ലഡാക്കിൽ 4067 ചതുരശ്ര കിലോമീറ്റർ ചൈന കയ്യടക്കിയിട്ടും, ആരും അവിടെ വന്നില്ല എന്നാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്? മോദി ചൈനയ്ക്ക് മുമ്പാകെ കീഴടങ്ങിയതിലെ സത്യം സർക്കാർ വെളിപ്പെടുത്താൻ വേണ്ടി ഭരണഘടനയുടെ 19 ാം അനുഛേദപ്രകാരം ഞാൻ സുപ്രീം കോടതിയെ സമീപിക്കാൻ പോകുകയാണ്', സ്വാമി കുറിച്ചു.

മുമ്പും പലവട്ടം ചൈനീസ് കടന്നുകയറ്റത്തിൽ, സ്വാമി മോദിയെ വിമർശിച്ചിരുന്നു. സെപ്റ്റംബർ എട്ടിന് എക്‌സിലെ കുറിപ്പിൽ 2020ലെ ചൈനയുടെ പുതിയ കടന്നുകയറ്റത്തിന് ശേഷമുള്ള മോദിയുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചൈനയെ എതിരിടുന്നതിൽ പ്രാപ്തനല്ല എന്നാണ് മനസ്സിലാകുന്നതെന്ന് സ്വാമി വിമർശിച്ചിരുന്നു.

ഓഗസ്റ്റ് 29 ലെ മറ്റൊരു കുറിപ്പിലും സ്വാമി മോദിയെ വെറുതെ വിട്ടില്ല. അരുണാചൽ പ്രദേശും അക്‌സായി ചിന്നും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയിൽ മൗനം തുടരുന്ന മോദിക്കെതിരെ രൂക്ഷ വിമർശനമാണ് സ്വാമി അന്നുയിച്ചത്. മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, ഭാരത് മാതയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.

'2020ൽ ചൈന എൽ.എ.സി (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യൻ ജനതയെ കബളിപ്പിച്ചു. മോദിയുടെ ഈ നുണ വലിയ പാപമാണ്. അടുത്തയാഴ്ച ഇന്ത്യയിൽ നടക്കുന്ന ജി20 മീറ്റിൽ ഷി ജിൻ പിങ്ങിന് മുന്നിൽ മോദി കുമ്പിടുന്നത് നമുക്ക് കാണാം'- സമൂഹ മാധ്യമമായ എക്‌സിൽ (ട്വിറ്റർ) അദ്ദേഹം കുറിച്ചു.

മണിപ്പൂർ വിഷയത്തിലും സ്വാമി കേന്ദ്രത്തെ വിമർശിച്ചിരുന്നു. ശക്തമായ ഇടപെടലിന് പരാജയപ്പെട്ട അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് മാറ്റണമെന്നും മണിപ്പൂരിൽ ബിജെപി സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും സുബ്രഹ്‌മണ്യൻ സ്വാമി കുറിച്ചിരുന്നു. എന്നാൽ, സ്വാമിയുടെ കുറിപ്പുകൾ പൊതുവെ കണ്ടില്ലെന്ന് നടിക്കുകയാണ് ബിജെപി ചെയ്യാറുള്ളത്.