- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ
കൊച്ചി: എതിരില്ലാതെ പാർലമെന്റിലെത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഇൻഡോറിൽ പരാജയപ്പെടുത്തിയെന്ന അവകാശ വാദവുമായി എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ഇടപെടൽ. ഗുജറാത്തിലെ സൂറത്തിന് പിന്നാലെ, ഇതര സ്ഥാനാർത്ഥികളുടെ നോമിനേഷൻ പിൻവലിപ്പിച്ചു കൊണ്ട് എതിരില്ലാത്ത വിജയം വീണ്ടും പ്രഖ്യാപിക്കാനുള്ള ബിജെപി നീക്കത്തിന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) കനത്ത തിരിച്ചടി നൽകിയെന്നാണ് അവർ പറയുന്നത്. ഏതായാലും അവിടെ ബിജെപിക്കെതിരെ മറ്റ് സ്ഥാനാർത്ഥികളെ എസ് യു സി ഐയെ പോലെ മത്സര രംഗത്തുണ്ട്. അതിന് കാരണമായത് തങ്ങളാണെന്നാണ് എസ് യു സി ഐയുടെ അവകാശ വാദം.
ബിജെപി യുടെ സമ്മർദ്ദത്തെയും പ്രലോഭനത്തെയും തുടർന്ന് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നോമിനേഷൻ പിൻവലിച്ചിരുന്നു. പിന്നീടുണ്ടായിരുന്ന എസ്.യു.സിഐ (സി) സ്ഥാനാർത്ഥി ഒഴികെ, ബി.എസ്‌പി സ്ഥാനാർത്ഥി അടക്കമുള്ളവരെ പിൻവലിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും അവർ പൂർത്തിയാക്കിയിരുന്നു. പിന്മാറാൻ ആവശ്യപ്പെട്ട് കൊണ്ട് ഇൻഡോറിലെ എസ്.യു.സിഐ (സി) സ്ഥാനാർത്ഥി അജിത് സിങ് പൻവാറിനു മേൽ കനത്ത സമ്മർദ്ദമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്ന് എസ് യു സി ഐ പറയുന്നു.
വൻതോതിൽ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു. അതോടൊപ്പം അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നോമിനേഷൻ പേപ്പറിൽ ഒപ്പിട്ടവരോട് അവരുടെ പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമ്മർദ്ദവും ഭീഷണിയും ഉണ്ടായി. പാർട്ടിയുടെ ഒരു മുതിർന്ന നേതാവിനെ മധ്യപ്രദേശിലെ ബിജെപി യുടെ പ്രമുഖനായ ഒരു നേതാവ് ബന്ധപ്പെടുകയും പിന്തുണ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. മറ്റാരാണെങ്കിലും കാലിടറി പോകുന്ന തരം പ്രലോഭനവും ഭീഷണിയുമാണ് അവർ ഉയർത്തിയത്-ഇങ്ങനെ പാർട്ടി വിശദീകരിക്കുന്നു.
സംസ്ഥാന സെക്രട്ടറി സഖാവ് പ്രതാപ് സമലിന്റെ നേതൃത്വത്തിൽ മധ്യപ്രദേശ് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇൻഡോർ യൂണിറ്റും സ്ഥാനാർത്ഥിയും പിന്തുണച്ചവരും ഒറ്റക്കെട്ടായി ഈ സമ്മർദ്ദങ്ങളെ അതിജീവിച്ചു കൊണ്ട് സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചു നിന്നു. മറ്റ് സ്ഥാനാർത്ഥികളിൽ ബി.എസ്‌പി അടക്കം മിക്കവാറുമെല്ലാരും ബിജെപിയുടെ സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴിപ്പെട്ട് നോമിനേഷൻ പിൻവലിക്കാൻ തയ്യാറായി കളക്റ്റ്രേറ്റിലെത്തിയിരുന്നു. എസ്.യു.സിഐ (സി) പിൻവലിക്കുമെന്ന് കരുതി തീരുമാനത്തിനായി നോമിനേഷൻ പിൻവലിക്കാനുള്ള അവസാന സമയം വരെ ബിജെപി കാത്തിരുന്നു.
എന്നാൽ, എസ്.യു.സിഐ (സി) പിന്മാറുന്നില്ലായെന്ന് കണ്ട് പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുള്ള രാഷ്ട്രീയ മുൻതൂക്കം ഭയന്ന് മറ്റു സ്ഥാനർഥികളെയും പിൻവലിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പാർട്ടി പറയുന്നത്. ബിജെപി. മറ്റുള്ളവരെല്ലാം പിൻവാങ്ങുകയും ബിജെപി യും എസ്.യു.സിഐ (സി) യും തമ്മിൽ നേർക്കു നേർ ഒരു മത്സരം ഉണ്ടാവുകയും ചെയ്താൽ അത് അഖിലേന്ത്യാ തലത്തിൽ സൃഷ്ടിക്കുന്ന വമ്പിച്ച ശ്രദ്ധ അവർ കണക്കിലെടുത്തു. എസ്.യു.സിഐ (സി) സ്ഥാനാർത്ഥി പിൻവാങ്ങിയിരുന്നെങ്കിൽ ഇൻഡോറിൽ എതിരില്ലാതെ ജയിച്ചുവെന്നു പ്രഖ്യാപിക്കാൻ ബിജെപി ക്ക് സാധിക്കുമായിരുന്നുവെന്ന് അവർ ആരോപിക്കുന്നു.