- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ വിമർശിച്ച് സുനിത കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ഒരുദിവസം പിന്നിടുമ്പോൾ, മോദിക്കെതിരെ വിമർശനവുമായി കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ. അറസ്റ്റ് നടപടി, ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് അവർ വിശേഷിപ്പിച്ചു.
സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് സുനിതയുടെ പ്രതികരണം. 'മൂന്നുതവണ നിങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാം, ജയ്ഹിന്ദ് ' എന്നാണ് സുനിത കേജ്രിവാൾ പ്രതികരിച്ചത്.
അരവിന്ദ് കെജ്രിവാളിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിലെല്ലാം സജീവപിന്തുണയായി പരസ്യമായും അല്ലാതെയും നിന്നിട്ടുള്ളയാളാണ് മുൻ ഐആർഎസ് (ഇന്റേണൽ റെവന്യൂ സർവീസ്) ഓഫീസർ കൂടിയായ സുനിത. കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന് പകരമായി ഒരുപക്ഷേ സുനിത സ്ഥാനമേൽക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലവിലുണ്ട്. എന്നാൽ നിലവിൽ രാഷ്ട്രീയത്തിൽ ഒട്ടും സജീവമല്ലാത്തതിനാൽ ഇക്കാര്യത്തിൽ സംശയമുണ്ട്.
അതേസമയം, തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ജയിലിനകത്തായാലും പുറത്തായാലും താൻ രാജ്യത്തെ സേവിക്കും. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കെജ്രിവാളിനെ കോടതിയിലെ വിശ്രമമുറിയിലേക്ക് മാറ്റി. കുറച്ച് നേരം ഇവിടെ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് നില മെച്ചപ്പെട്ടതിനാൽ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു
മദ്യനയക്കേസിൽ ഇ.ഡി. ജഡ്ജിയും ആരാചാരുമായി മാറുന്നുവെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ശരത് റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ്. വിശദമായി ചോദ്യം ചെയ്യണമെന്നതുകൊണ്ട് അറസ്റ്റ് ചെയ്യാൻ നിയമമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേസിൽ കെജ്രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവും കേസിൽ ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി പറഞ്ഞു. നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് ഇഡി തെളിവായി ഉന്നയിക്കുന്നത്. എന്നാൽ പണം എങ്ങോട്ടൊക്കെ പോയെന്നതിന് തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. അതേ പാർട്ടിയുടെ നാല് മുതിർന്ന നേതാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു. നിലവിലെ അറസ്റ്റിന്റേതായ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് ഇഡി പറയുന്നില്ലെന്നും സി.
അറസ്റ്റും ചോദ്യം ചെയ്യലും രണ്ടാണ്. അന്വേഷണ ഏജൻസി പറയുന്നത് കേൾക്കുന്ന റബ്ബർ സ്റ്റാമ്പല്ല കോടതി. അതിനാൽ തന്നെ റിമാന്റ് ചെയ്യുന്നതിൽ വിവേചന അധികാരം കോടതിക്ക് ഉണ്ട്. വലിയ വ്യവസായികളാണ് കേസിലെ സാക്ഷികളെന്നും സിങ്വി പറഞ്ഞു. ഇതോടെ സിങ്വിയുടെ വാദം നീളുന്നതിൽ അതൃപ്തിയുമായി ഇഡി അഭിഭാഷകൻ എഴുന്നേറ്റു. ഈ ഘട്ടത്തിൽ മറ്റ് വാദങ്ങൾ ക്രോഡീകരിച്ച് നൽകാൻ കോടതി ആവശ്യപ്പെട്ടു. അതിനിടെ കോടതിക്ക് പുറത്ത് ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്
കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. അറസ്റ്റിനെ ന്യായീകരിച്ച ഇഡി കോടതിയിൽ അരവിന്ദ് കെജ്രിവാളിനും എഎപിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ ഇഡി, കെജ്രിവാളായിരുന്നു ഇതിന്റെ കിങ്പിൻ എന്നും എഎപിയായിരുന്നു ഗുണഭോക്താവെന്നും ഹവാല പണം ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി.
പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇഡി വിശദീകരിച്ചു. മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങി. നയത്തിനായി രൂപീകരിച്ച സമിതി നിഴൽ സമിതി മാത്രമായിരുന്നു. കെജ്രിവാളിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെജ്രിവാളിന് മദ്യ നയ രൂപീകരണത്തിൽ നേരിട്ട് പങ്കുണ്ട്. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. ഇതിന് വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിൻ. വിജയ് നായർ ഇടനിലക്കാരനായി പ്രവർത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തുന്നുണ്ട് ഇഡി.
ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു. ശരത് റെഡി സോനം സാക്ഷിയുടെ മൊഴിയുണ്ട്. റിമാൻഡ് അപേക്ഷയിൽ വാട്സ് ആപ്പ് ചാറ്റുകളുമുണ്ട്. ഹവാല വഴിയും പണമിടപാട് നടന്നു. ചെന്നൈയിൽ നിന്ന് ഡൽഹിക്ക് പണം എത്തിക്കും, പിന്നീട് ഗോവയ്ക്ക് കൊണ്ടു പോവുകയായിരുന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎൽഎ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്. പാർട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. എന്നാൽ സേർച്ച് നടപടിയിൽ കെജ്രിവാൾ സഹകരിച്ചില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഇഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ കൂടെ അടിസ്ഥാനത്തിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യണം. അതിനായി കെജ്രിവാളിനെ പത്ത് ദിവസം കസ്റ്റഡിയിൽ വിടണമെന്നും 43 മിനിറ്റി നീണ്ട വാദത്തിൽ ഇഡി ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇ.ഡി.യുടെ എട്ടംഗസംഘം കെജ്രിവാളിന്റെ ഡൽഹിയിലെ ഫ്ളാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയിൽ എത്തിയത്. ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.