- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിന് കേന്ദ്രമന്ത്രിയുണ്ടാകുമെന്ന വിശ്വാസത്തിൽ അണികൾ; സുരേഷ് ഗോപി ഡൽഹിക്ക്
തൃശൂർ: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. മൂന്നാം മോദി സർക്കാരിന്റെ അദ്യ സത്യപ്രതിജ്ഞയിൽ തന്നെ സുരേഷ് ഗോപി മന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടതായി തൃശൂർ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുൻപായാണ് എത്താൻ പറഞ്ഞത്. എന്നാൽ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവർ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരിൽ വിശദീകരിച്ചു.
കൊച്ചിയിൽ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡൽഹിക്ക് തിരിക്കും. കേരളത്തിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും. നേരത്തെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ കേരളത്തിലെ നേട്ടം മോദി എടുത്തു പറഞ്ഞിരുന്നു. ഇതോടെ തന്നെ സുരേഷ് ഗോപിയോട് മോദിക്കുള്ള താൽപ്പര്യവും വ്യക്തമായി. തൃശൂരിനൊരു കേന്ദ്രമന്ത്രി പദമെന്ന മുദ്രാവാക്യം ബിജെപിയും ചർച്ചയാക്കിയിരുന്നു. എന്നാൽ തനിക്ക് കേന്ദ്രമന്ത്രിയാകാൻ ആദ്യ രണ്ടു കൊല്ലവും താൽപ്പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു.
കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നത്. അതിനാൽ പുതിയ മന്ത്രിസഭയിൽ സുരേഷ്‌ഗോപിയെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത ഏറെയാണ്. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോക്നാഥ് ബഹ്റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുൻപ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാൻ നോക്കിയത്. അപ്പോ, ഇവിടുത്തെ ചില ആൾക്കാർ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനി ഇപ്പോ പാർലമെന്റിൽ അവർ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു.
തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കലക്ടറേയും ഒരുതരത്തിലും മാറ്റൻ നിങ്ങൾ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച ഇന്നലെ കലക്ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. തൃശൂരുകാർ എന്നെ തെരഞ്ഞെടുത്താൽ തൃശൂരിൽ ഒതുങ്ങി നിൽക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താൻ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കർണാടകയിൽ അതിന്റെ ആവശ്യമില്ല. അവിടെ തന്നെക്കാൾ നല്ല ആൺകുട്ടികൾ ഉണ്ട്. കോൺഗ്രസിലെയും സിപിഐയിലെയും സിപിഎമ്മിലെയും മനുഷ്യരാണ് തനിക്ക് വോട്ട് ചെയ്തത്. എസ്ഡിപിഐയിലെയും മനുഷ്യർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കപടതയില്ലാത്ത മതേതരവാദികളാണ് തന്നെ ജയിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.