ന്യൂഡൽഹി: തൃശ്ശൂർ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ സസ്‌പെൻസ് തുടരുന്നു. സിനിമകളിൽ അഭിനയിക്കാനുള്ള ഡേറ്റ് കൊടുത്തത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തോട് ഒഴിവുകഴിവുകൾ പറഞ്ഞിട്ടുണ്ട്. നാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം.

തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം നേടിയ സുരേഷ് ഗോപി തിരുവനന്തപുരത്ത് തന്നെ തുടരുകയാണ് ഇപ്പോൾ. ഇന്ന് 12.30 നുള്ള വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം. കേരളത്തിലെ ബിജെപിയുടെ വിജയം നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ സുരേഷ് ഗോപിയെ കാബിനെറ്റ് പദവിയോടെ മന്ത്രിസ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെന്ന സൂചനകളും പുറത്തുവന്നിരുന്നു.

അതേസമയം മൂന്നാം മോദി മന്ത്രിസഭയിൽ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. പ്രൾഹാദ് ജോഷിക്കും ജിതൻ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം നല്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകുന്നവർക്ക് അറിയിപ്പ് നല്കി തുടങ്ങിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. ഒരു ഘട്ടം കൂടി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

ആദ്യ ഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്ക് രാം മോഹൻ നായിഡുവിന്റെയും ചന്ദ്രശേഖർ പെമ്മസാനിയുടെയും പേര് ടിഡിപി സ്ഥിരീകരിച്ചിട്ടുണ്ട്. ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ എന്നിവർക്കും ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അറിയിപ്പ് ലഭിച്ചു.

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാർച്ചന അർപ്പിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ബിജെപി നേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കഴിഞ്ഞദിവസം സന്ദർശിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് നൽകിയ രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.

പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആഭ്യന്തരം കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുത്തേക്കുമെന്നു ചർച്ചയുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കും. ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.