- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു; പാർട്ടിയുടെ ഔദ്യോഗിക പതാകയും ഉടനെ പുറത്തിറക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ലക്ഷ്യം വെക്കുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കന്നിയങ്കം കുറിക്കാൻ; തമിഴക രാഷ്ട്രീയത്തിലേക്ക് ഇളയദളപതിയുടെ എൻട്രി സൂപ്പർഹിറ്റാകുമോ?
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ ബോക്‌സോഫീസിൽ ഹിറ്റാകുന്ന ചിത്രങ്ങളിൽ കൂടുതലും വിജയിന്റേതാണ്. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന വിജയ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി ക്കഴകം എന്നാണ് പാർട്ടിയുടെ പേര്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് വിജയ്യുടെ ആരാധന സംഘടനയായ വിജയ് മക്കൾ ഇയക്കം പാർട്ടി രൂപീകരിച്ചത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചു നീങ്ങാനാണ് വിജയം ഒരുങ്ങുന്നത്.
രാഷ്ട്രീയ പാർട്ടിയുടെ വിവരങ്ങൾ വിജയ് തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ വാർത്താക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ മാസം ആദ്യ ആഴ്ച തന്നെ പാർട്ടിയുടെ ഔദ്യോഗിക പതാകയും പുറത്തിറക്കും. തമിഴ്‌നാട്ടിൽ വൻ ആരാധക വൃന്ദമുള്ള താരമാണ് വിജയ്. നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും താരത്തിന്റെ ആരാധന സംഘടനയായ വിജയ് മക്കൾ ഇയക്കം പങ്കെടുക്കാറുണ്ട്.
സൂചനകളിലൂടെ വിജയ് പലപ്പോഴും വിനിമയം ചെയ്തിട്ടുള്ള കാര്യങ്ങൾ രാഷ്ട്രീയ പ്രസ്ഥാവനകളായാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളതും ചർച്ചയായതും. സിനിമകളുടെ പ്രൊമോഷണൽ വേദികളിൽ വരെ വിജയ്‌യിൽ നിന്ന് ആരാധകർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചായിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാർട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ഇടനീളം ആൾബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം. തമിഴ്‌നാട്ടിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വർഷം ചെന്നൈയിൽ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിർധന വിദ്യാർത്ഥികൾക്ക് പഠനത്തിന് സൗകര്യം നൽകുന്ന ട്യൂഷൻ സെന്ററുകൾ വിജയ് മക്കൾ ഇയക്കം ആരംഭിച്ചിരുന്നു. കർഷകർക്ക് സൗജന്യമായി കന്നുകാലികളെ നൽകാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു.
ലിയോ സക്‌സസ് മീറ്റിൽ വിജയ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞേക്കുമെന്ന ആകാംക്ഷ ആരാധകർക്ക് ഉണ്ടായിരുന്നു. ആ വേദിയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചന വിജയ് നൽകിയിരുന്നു.
പിന്തുണ ആർക്ക്? തമിഴക രാഷ്ട്രീയം ഇളക്കി മറിക്കുമോ?
തമിഴകത്ത് രാഷ്ട്രീയവും സിനിമയും രണ്ടല്ല. എംജിആർ, കരുണാനിധി, ജയലളിതതൊട്ടുള്ള അനുഭവം അതാണ് പറയുന്നത്. നേരത്തെ സൂപ്പർ സ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരുങ്ങി അനാരോഗ്യമൂലം പിന്മാറുകയായിരുന്നു. കമൽഹാസന്റെ പാർട്ടിയാവട്ടെ എവിടെയും എത്തിയതുമില്ല. ആ സാഹചര്യത്തിൽ വിജയ്് രാഷ്ട്രീയപാർട്ടിയുണ്ടാക്കുമ്പോൾ, ഡിഎംകെ സഖ്യം, അണ്ണാഡിഎംകെ, ബിജെപി, കോൺഗ്രസ് എന്നിങ്ങനെ ചിതറിക്കടിക്കുന്ന തമിഴനാട് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. വിജയ് എന്ന താരത്തിന്റെ ഇമേജ് വോട്ടായി മാറിയിൽ, ഈ ചതുഷ്‌ക്കോണ മത്സരത്തിൽ ആര് മുന്നേറുമെന്നതും സംശയാസ്പദമാണ്.
തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിനിമകളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെപേരിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന വിജയ് ബിജെപി. അനുകൂലനിലപാടെടുക്കാനുള്ള സാധ്യത വിരളമാണ്. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതിലും വ്യക്തതയില്ല. നിലവിൽ തമിഴ്‌നാട്ടിൽ ബിജെപിയും എഐഡിഎംകെയും അകൽച്ചയിലാണ്. അതിനാൽ തന്നെ എഐഎഡിഎംകെക്ക് പിന്തുണ നൽകാനുള്ള സാധ്യതയാണ് കൂടുതൽ കാണുന്നത്.
തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെയുമായും പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി കഴിഞ്ഞ വർഷം വിജയ്യെ വീട്ടിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണ് എൻആർ കോൺഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാർത്തകൾ വന്നിരുന്നു.
മറുനാടന് ഡെസ്ക്