വോട്ടുകൾ ഭിന്നിക്കാതെയുള്ള തന്ത്രപരമായ സഖ്യങ്ങളാണ് വിജയം കൊണ്ടുവരുന്നത് എന്ന് ഒരിക്കൽ കുടി അടിവരയിടുകയാണ് ഈ ലോക്സഭാ ഇലക്ഷൻ. യുപിയിലും, മഹാരാഷ്ട്രയിലും, ബിഹാറിലും ഇന്ത്യാ മുന്നണി കരുത്തുകാട്ടിയത് സഖ്യത്തിന്റെ ബലത്തിലാണ്. തമിഴ്‌നാട്ടിൽനിന്നുള്ള വോട്ട് ശതമാനക്കണക്കുകൾ പുറത്തുവരുമ്പോഴും സഖ്യത്തിന്റെ പ്രധാന്യമാണ് മനസ്സിലാവുന്നത്. ആകെയുള്ള 39 സീറ്റുകളും നേടിയിട്ടും, ഡിഎംകെ സഖ്യത്തിന്റെ വോട്ട് ശതമാനത്തിൽ 6 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ

53.15 ശതമാനം വോട്ട് നേടിയ ഡിഎംകെ സഖ്യത്തിന് ഇത്തവണ 46.97 ശതമാനം വോട്ടാണ് കിട്ടിയത്. 6.18 ശതമാനത്തിന്റെ വൻ ഇടിവ് ഡിഎംകെ സർക്കാർ നേരിടുന്ന ഭരണവിരുദ്ധ വികാരത്തിന്റെ സൂചകമായാണ് വിലയിരുത്തപ്പെടുന്നത്.

പക്ഷേ ഇത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് ആയില്ല. തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് എഐഎഡിഎംകെയും- ബിജെപിയും തെറ്റിപ്പിരിഞ്ഞത് സ്റ്റാലിന് കാര്യങ്ങൾ എളുപ്പമാക്കി. അണ്ണാഡിഎംകെക്ക് ഒറ്റക്ക് 20.46 ശതമാനവും, സഖ്യകക്ഷിയായ ഡിഎംഡികെക്ക് 2.5 ശതമാനവുമായി മൊത്തം 22.96 ശതമാനം വോട്ടാണ് എഐഎഡിഎംകെ സഖ്യത്തിന് കിട്ടിയത്. എൻഡിഎക്ക് 18.28 ശതമാനം വോട്ട് ലഭിച്ചു. ഇവർ ഒന്നിച്ച് നിന്നിരുന്നെങ്കിൽ ചുരുങ്ങിയത് 13 സീറ്റുകൾവരെ തമിഴ്‌നാട്ടിൽ നേടാമായിരുന്നു.

കോയമ്പത്തുരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലെ 1.18 ലക്ഷം വോട്ടിന് തോൽക്കുമ്പോൾ, 2.36 ലക്ഷം വോട്ടാണ് ഇവിടെ എഐഡിഎംകെ നേടിയത്. വിരുദനഗറിൽ എഐഎഡിഎംകെ തോറ്റത് വെറും 4,379 വോട്ടിനാണ്. ഇവിടെ ബിജെപിയുടെ വോട്ട് 2.18 ലക്ഷമാണ്! ധർമ്മപുരി, കൃഷ്ണഗിരി, നാമക്കൽ, തിരുപ്പൂർ, ആരണി, വിഴുപുരം, കള്ളക്കുറുശ്ശി, കടലൂർ, തെങ്കാശി തുടങ്ങിയ മണ്ഡലങ്ങളിലും എഐഎഡിഎംകെ- ബിജെപി സംഖ്യം ഉണ്ടായിരുന്നെങ്കിൽ നിഷ്പ്രയാസം ജയിക്കാമായിരുന്നു.

12 ഇടത്ത് എൻഡിഎ രണ്ടാമത്

ബിജെപി-അണ്ണാ ഡിഎംകെ സഖ്യം തകർത്തത് ബിജെപി അധ്യക്ഷൻ അണ്ണാമലെയുടെ കടുത്ത നിലപാടുകളാണെന്ന് ഇപ്പോൾ എഐഡിഎംകെ നേതാക്കൾ പരസ്യമായി പറയുന്നുണ്ട്. പക്ഷേ എന്നും എഐഡിഎംകെക്ക് പിന്നിൽ നിൽക്കേണ്ടവർ അല്ല തങ്ങൾ എന്ന് മനസ്സിലാക്കി, മോദി പ്രഭാവത്തിലൂടെ മുഖ്യ പ്രതിപക്ഷ കക്ഷിയാവാനാണ്, ഐപിഎസ് പദവി രാജിവെച്ച് ബിജെപിയെ നയിക്കാൻ ഇറങ്ങിയ കെ.അണ്ണാമലൈ ശ്രമിച്ചത്. ഡിഎംകെ സർക്കാറിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ പുറത്തുവിട്ട് അനൗദ്യോഗിക പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചതും അണ്ണാമലൈ ആയിരുന്നു.

പക്ഷേ അണ്ണാഡിഎംകെ ഇല്ലെങ്കിലും ഒറ്റക്ക് ജയിക്കാമെന്ന അണ്ണാമലൈയുടെ സ്വപ്നം പാളി.ആകെയുള്ള 39 ലോക് സഭാ മണ്ഡലത്തിൽ ഒന്നിൽ പോലും വിജയിക്കാനായില്ലെങ്കിലും പന്ത്രണ്ടിടത്ത് എൻഡിഎ രണ്ടാം സ്ഥാനത്തെത്തി. 9 ഇടങ്ങളിൽ ബിജെപിയും മറ്റ് 3 സീറ്റുകളിൽ എൻഡിഎ സഖ്യകക്ഷികളുമാണ് രണ്ടാമതെത്തിയത്.

കോയമ്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അണ്ണാമലൈയ്ക്ക് വിജയിക്കാനായില്ല. ഡിഎംകെയുടെ ഗണപതി രാജ്കുമാർ 5,60,000ൽ പരം വോട്ടുകൾ നേടിയപ്പോൾ, അണ്ണാമലൈ ഒരു ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. അണ്ണാമലൈ 4,50,000 വോട്ടുകൾ നേടി. അണ്ണാ ഡിഎംകെ ആണ് മൂന്നാം സ്ഥാനത്ത്. കിട്ടിയത് 2,36,000 വോട്ടുകൾ മാത്രം. അണ്ണാമലൈയേക്കാൾ രണ്ടേക്കാൽ ലക്ഷം വോട്ടുകൾക്ക് പിറകിൽ. മാത്രമല്ല, 2019-ൽ ബിജെപി കോയമ്പത്തൂരിൽ നേടിയത് 3,92,000 വോട്ടുകൾ മാത്രമാണ്. അണ്ണാമലൈയ്ക്ക് കിട്ടിയത് ഇതിനേക്കാൾ 58,000 വോട്ടുകൾ അധികം.

2019-ൽ മൂന്ന് ശതമാനമായിരുന്നു തമിഴ്‌നാട്ടിൽ ബിജെപിയുടെ വോട്ടെങ്കിൽ 2024-ൽ അത് 11.5 ശതമാനമായി മാറി. ഈ മൂന്നിരട്ടി വളർച്ച ആഹ്ലാദകരമാണെന്നാണ് അണ്ണാമലൈ ഇപ്പോൾ പറയുന്നത്. തമിഴ്‌നാട്ടിലെ ഒമ്പത് ലോക് സഭാ മണ്ഡലങ്ങളിൽ ബിജെപി തനിയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ അണ്ണാമലൈയ്ക്ക് കഴിഞ്ഞു. കോയമ്പത്തൂർ, സൗത്ത് ചെന്നൈ, സെൻട്രൽ ചെന്നൈ, കന്യാകുമാരി, മധുരൈ, നീൽഗിരീസ്, തിരുവള്ളൂർ, തിരുനെൽവേലി, വെല്ലൂർ എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം പിടിച്ചത്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇനി വീണ്ടും ബിജെപി- എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷേ അണ്ണാമലൈക്ക് അതിൽ താൽപ്പര്യമില്ല എന്നാണ് അറിയുന്നത്.