ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമായി. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകൾ ഗവർണർ ആർ എൻ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഗവർണറുടെ നടപടിക്ക് അതേനാണയത്തിൽ മറുപടി നൽകാനാണ് ഡിഎംകെ സർക്കാറിന്റെ തീരുമാനം. ഇതേത്തുടർന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാൾ കൂടും. തിരിച്ചയച്ച ബില്ലുകൾ പാസ്സാക്കി വീണ്ടും ഗവർണർക്ക് അയക്കാനാണ് എം കെ സ്റ്റാലിന്റെ നീക്കം. മുൻ ഡിഎംകെ സർക്കാർ പാസാക്കിയ ബില്ലുകൾ അടക്കം തിരിച്ചയച്ചവയിൽ ഉൾപ്പെടും.

ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ കോടതി ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഗവർണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാനും ഗവർണർക്ക് നിർദ്ദേശം നൽകിയിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാരത്തിനായി എത്തുമ്പോൾ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിർദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സർക്കാരിന്റെ ഹർജി നവംബർ 20 ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അന്നേദിവസം അറ്റോർണി ജനറലോ, സോളിസിറ്റർ ജനറലോ കോടതിയിൽ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിക്കെതിരെയും അതിരൂക്ഷമായ വിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. നിയമസഭ പാസാക്കിയ 12 സുപ്രധാന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകൾ ലഭിച്ചാൽ ഗവർണർ അതിൽ 'എത്രയും വേഗം' തീരുമാനമെടുക്കണമെന്ന് ഭരണഘടനയിലെ 200-ാം വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓർമ്മപ്പെടുത്തി. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് വളരെ എളുപ്പം സാധിക്കുമെന്നും കോടതി നിരീക്ഷിച്ചരുന്നു.