- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ബജറ്റ് അവതരണം നടക്കും; തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ കോടതിയിൽ; ഹർജി പിൻവലിച്ചു; ഗവർണർ-സർക്കാർ പോര് ഒത്തു തീർപ്പിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ ബജറ്റ് അവതരണം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തെലങ്കാനയിൽ ഗവർണർ-സർക്കാർ പോര് ഒത്തു തീർപ്പിലേക്ക്. ബജറ്റ് അവതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഹൈക്കോടതിയെ അറിയിച്ചു. ബജറ്റ് ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് നടക്കുമെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന് രാജ്ഭവനെതിരെ നൽകിയ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു.
ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉജ്വൽ ഭുയാൻ, ജസ്റ്റിസ് എൻ തുകാറാംജി എന്നിവടങ്ങിയ ബൊണ് ഹർജി പരിഗണിച്ചത്. ജനുവരി 21 ന് ബജറ്റ് ഫയൽ സമർപ്പിച്ചെങ്കിലും രാജ്ഭവൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. അതിനാൽ കോടതി വിഷയത്തിൽ ഇടപെടണമെന്നും, അനുമതി നൽകാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
സുപ്രീം കോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നൽകുന്നത് നീണ്ടുപോകുന്നതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിൽ വാദിച്ചു. എന്നാൽ നയപ്രഖ്യാപന പ്രസംഗവും ബജറ്റും രണ്ടാണെന്ന് ദുഷ്യന്ത് ദവെ കോടതിയിൽ വിശദീകരിച്ചു
ഭരണഘടനയുടെ 202-ാം ആർട്ടിക്കിൾ പ്രകാരം ഗവർണറുടെ അനുമതി ഇല്ലാതെ ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ല. അനുമതിയില്ലെങ്കിൽ ബജറ്റിന് നിയമപ്രാബല്യം ലഭിക്കില്ലെന്നും തെലങ്കാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ജനുവരി 21 നാണ് ബജറ്റ് രേഖകൾ രാജ്ഭവന് ലഭിച്ചതെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഗവർണർക്ക് നിയമസഭയെ അഭിസംബോധന ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് രാജ്ഭവൻ സർക്കാരിന് കുറിപ്പു നൽകിയിരുന്നു. എന്നാൽ ഇതിന് സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. അതിനാലാണ് ബജറ്റ് രേഖകളിൽ ഒപ്പിടുന്നത് നീണ്ടുപോയതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ബജറ്റിന് അനുമതി നൽകുക എന്നത് ഗവർണറുടെ ബാധ്യതയാണെന്ന് തെലങ്കാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ വാദിച്ചു.
വെള്ളിയാഴ്ചയാണ് തെലങ്കാനയിൽ അസംബ്ലി സമ്മേളനം തുടങ്ങുന്നത്. അന്നു തന്നെയാണ് ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും തെലങ്കാന സർക്കാർ നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ