ഹൈദരാബാദ്: തെലങ്കാനയിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ തറയിൽ ഇരുത്തി അപമാനിച്ചെന്ന ആരോപണവുമായി പ്രതിപക്ഷമായ ബി ആർ എസ്. നാൽഗൊണ്ട ജില്ലയിലെ യദാദ്രി ക്ഷേത്രത്തിൽ പ്രാർത്ഥനക്കെത്തിയപ്പോഴാണ് സംഭവം. രേവന്ത് റെഡ്ഡിയും മന്ത്രിമാരായ കൊമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ഉത്തംകുമാർ റെഡ്ഡി എന്നിവർ സ്റ്റൂളിൽ ഇരിക്കുന്നതും പുരോഹിതൻ മന്ത്രം ചൊല്ലിക്കൊടുക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ മാത്രം തറയിലിരുത്തി ക്രൂരമായി അപമാനിച്ചെന്നാണ് ബി.ആർ.എസ് ആരോപണം.

ഭാരത് രാഷ്ട്ര സമിതിയാണ് വീഡിയോ എക്‌സിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ ചന്ദ്രശേഖര റാവു നയിക്കുന്ന ബി.ആർ.എസിനെ തോൽപിച്ചാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. ഡിസംബറിലാണ് സംസ്ഥാനത്തെ ആദ്യ ദളിത് ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാർക്ക ചുമതലയേറ്റത്.

ഉയരമുള്ള സ്റ്റൂളുകളുടെ കുറവ് കൊണ്ടാണോ, അതോ മനഃപൂർവമായ തീരുമാനമാണോ ഭട്ടിയെ താഴെ ഇരുത്തിയതിന് പിന്നിൽ എന്ന ചോദ്യമാണ് ഉയരുന്നത്. ബിആർഎസിന് പുറമേ ബിഎസ്‌പിയും വിമർശനം ഉന്നയിച്ചു. ക്ഷേത്രത്തിലെത്തിയ വിശിഷ്ടാതിഥികളെ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്. ഇതിനെ തുടർന്ന് നടന്ന പ്രത്യേക പൂജയിൽ ഭട്ടിയുടെ സ്ഥാനമാണ് വിവാദത്തിന് ഇടയാക്കിയത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സമീപത്ത് ഇരിക്കാനുള്ള ക്ഷണം മല്ലു ഭട്ടി വിക്രമാർക്ക നിരസിക്കുകയായിരുന്നു എന്ന് ക്ഷേത്രാധികാരികൾ പറയുന്നു. വിഐപി സീറ്റുകൾ എല്ലാറ്റിലും ആളായതോടെ, ക്ഷേത്രാധികാരികൾ അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റൂൾ എടുത്ത് ഭട്ടിക്ക് നൽകി. പൊക്കം കുറഞ്ഞ സ്റ്റൂളിൽ ഇരുന്നതുകൊണ്ട് തറയിൽ ഇരുന്നത് പോലെ തോന്നി എന്നാണ് വിശദീകരണം.

ഉപമുഖ്യമന്ത്രിയെ അപമാനിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്ന് ക്ഷേത്രാധികാരികൾ വ്യക്തമാക്കിയെങ്കിലും, ബിഎസ്‌പിയും ബിആർഎസും രേവന്ത് റെഡ്ഡി സർക്കാരിനെ വെറുതെ വിടാൻ തയ്യാറല്ല,