ഹൈദരാബാദ്: തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദർരാജൻ സ്ഥാനം രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഇവർ മത്സരിച്ചേക്കും. തമിഴിസൈ സൗന്ദർരാജൻ തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.

ഗവർണറാകുന്നതിന് മുമ്പ് തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴിയോട് തൂത്തുകുടിയിൽ വൻ തോൽവിയാണ് ഇവർ ഏറ്റുവാങ്ങിയത്. ഇത്തവണ തമിഴിസൈ ഏത് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് വ്യക്തമല്ല. 2019 സെപ്റ്റംബറിലാണ് ഇവരെ തെലങ്കാന ഗവർണറായി നിയമിച്ചത്. കിരൺ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചുമതലയും നൽകിയിരുന്നു.

പുതുച്ചേരി, തിരുനെൽവേലി, സൗത്ത് ചെന്നൈ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരെ പരിഗണിക്കുന്നത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ തമിഴിസൈ പല തവണ വിവാദവാർത്തകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവർ ഗവർണർ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ തമിഴ്‌നാട്ടിൽ നിന്ന് വന്നിരുന്നു. തമിഴ്‌നാട്ടിൽ ബിജെപിക്ക് ശക്തരായ സ്ഥാനാർത്ഥികളില്ലെന്ന പരാതി നിലനിൽക്കവെ തമിഴിസൈയെ പോലെയുള്ളവരെ മുന്നിൽ നിർത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

കേരളത്തിനും തമിഴ്‌നാടിനും പുറമെ ഗവർണറുമായി സർക്കാർ പോരിന് ഇറങ്ങേണ്ടിവന്ന മറ്റൊരു സംസ്ഥാനമാണ് തെലങ്കാന. ഈ രീതിയിൽ തമിഴിസൈ സൗന്ദർരാജൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ പലപ്പോഴായി പല വാർത്തകളിലൂടെയും ഇവർ ചർച്ചകളിൽ നിറഞ്ഞുനിന്നു. തെലങ്കാനയിൽ കെസിആർ നേതൃത്വം നൽകിയിരുന്ന മുൻ ബിആർഎസ് സർക്കാരിനെതിരെ പോയ വർഷം തമിഴിസൈ സൗന്ദർരാജൻ നടത്തിയ 'സ്വേച്ഛാധിപത്യ ഭരണ' പരാമർശം വലിയ രീതിയിൽ വിവാദമായിരുന്നു. 'സ്വേച്ഛാധിപത്യഭരണത്തിൽ നിന്ന് സ്വയം മോചിതരായി' എന്നായിരുന്നു ഈ പരാമർശം.

അതുപോലെ ഗർഭസ്ഥ ശിശുവിന്റെ മാനസിക- ശാരീരിക ക്ഷേമത്തിനായി ഗർഭിണികൾ 'സുന്ദരകാണ്ഡം' ഉരുവിടണമെന്നും രാമായണം പോലുള്ള ഇതിഹാസഹങ്ങൾ വായിക്കണമെന്നുമുള്ള പരാമർശവും ഏറെ വിവാദമായിരുന്നു.