- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിന്റെ കാലത്ത് ഭീകരരെ അവരുടെ മണ്ണിൽ വച്ച് തന്നെ വകവരുത്തുന്നു
ഋഷികേശ്: കേന്ദ്രത്തിലെ ശക്തമായ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിൽ കീഴിൽ, രാജ്യത്തെ സുരക്ഷാ സൈനികർ തീവ്രവാദികളെ അവരുടെ മണ്ണിൽ വച്ച് തന്നെ വകവരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷികേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
'രാജ്യത്ത് എപ്പൊഴൊക്കെ ദുർബലവും അസ്ഥിരവുമായ സർക്കാരുകൾ ഉണ്ടായിരുന്നുവോ അപ്പൊഴൊക്കെ ശത്രുക്കൾ അത് മുതലെടുക്കുകയും, തീവ്രവാദം വളരുകയും ചെയ്തിട്ടുണ്ട്. പക്ഷേ ശക്തമായ മോദി സർക്കാരിന്റെ കീഴിൽ നമ്മുടെ സുരക്ഷാ സൈനികർ ഭീകരരെ അവരുടെ ദേശത്ത് വച്ച് തന്നെ ഉന്മൂലനം ചെയ്യുകയാണ'- മോദി പറഞ്ഞു.
അഴിമതിക്കാർ നാട് കൊള്ളയടിക്കുന്നത് താൻ തടഞ്ഞുവെന്നും, അതിന്റെ പേരിൽ അവർക്ക് തന്നോടുള്ള രോഷം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻകാലത്തെ ദുർബലമായ കോൺഗ്രസ് സർക്കാരുകൾക്ക് അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാകട്ടെ റോഡുകളും, ആധുനിക തുരങ്കങ്ങളുമെല്ലാം അതിർത്തിയിൽ ഉടനീളം നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് സൈനികരെ ശത്രുക്കളുടെ വെടിയുണ്ടകളിൽ നിന്ന് രക്ഷിക്കാൻ കവചങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ബിജെപി ഭരണകാലത്താണ് സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകിയത്. ആധുനിക റൈഫിളുകൾ മുതൽ പോർവിമാനങ്ങളും വിമാന വാഹിനി കപ്പലുകളും വരെ രാജ്യത്ത് തന്നെ നിർമ്മിക്കുകയാണ്, മോദി പറഞ്ഞു.
ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്ക് സമീപകാലത്ത് അതിർത്തി കടന്ന് നടത്തിയ തിരിച്ചടികളെയാണ് പ്രധാനമന്ത്രി പരാമർശിച്ചതെന്നാണ് സൂചന. 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തലുണ്ടായിരുന്നു. പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലി ഒരു ഉറുദു ടെലിവിഷൻ പരിപാടിക്കിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.