- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗാന്ധിജിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച സുഭാഷ് ചന്ദ്രബോസ്; നെഹ്‌റുവിന്റെ ആളിനെ തോൽപ്പിച്ച ടണ്ഠൻ; 2022ൽ അട്ടിമറിയുണ്ടാക്കാൻ തരൂരിന് കഴിയില്ലെന്ന് ഉറപ്പിക്കാൻ എകെയും കെസിയും; തെലുങ്കാനയിലെ പിസിസിയും തരൂരിനെ തള്ളിപ്പറഞ്ഞു; ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് പറയുമ്പോഴും തിരുവനന്തപുരം എംപിയെ തോൽപ്പിക്കാൻ സോണിയാ കാമ്പ്; ധൈര്യമുള്ളവരുടെ വോട്ട് മതിയെന്ന് തരൂരും
തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഖെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതിൽ സ്ഥാനാർത്ഥിയായ ശശി തരൂരിന് കടുത്ത അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തിൽ പര്യടനത്തിനായെത്തിയ തരൂർ പറഞ്ഞു. അതേ സമയം പിസിസി അധ്യക്ഷന്മാർ പരസ്യനിലപാട് എടുക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി മാർഗ്ഗ നിർദ്ദേശം വരും മുമ്പാണ് കെ.സുധാകരന്റെ പ്രസ്താവനയെന്നാണ് കെപിസിസി വിശദീകരണം. അതിനിടെ തെലുങ്കാന കോൺഗ്രസ് പിസിസിയും തരൂരിനെതിരെ നിലാപാട് എടുത്തു. തരൂരിനെതിരായ പ്രതികരണത്തിന് പിന്നിൽ സോണിയാ ക്യാമ്പാണെന്നാണ് സൂചന.
സോണിയയും പ്രിയങ്കയും രാഹുലും പരസ്യ ഇടപെടൽ നടത്തുന്നില്ല. ഹൈക്കമാണ്ടിന് സ്ഥാനാർത്ഥിയില്ലെന്നാണ് അവർ പറയുന്നത്. അപ്പോഴും ഹൈക്കമാണ്ടിലെ അംഗങ്ങൾ ഖാർഖെയെ നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നു. എകെ ആന്റണിയാണ് ഈ നീക്കത്തിന് പിന്നിൽ. കെസി വേണുഗോപാലും ഇതിന് ഒപ്പമുണ്ട്. കേരളത്തിൽ വോട്ടുറപ്പിക്കാൻ തരൂർ എത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഖാർഖെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ആദ്യം തരൂരിന് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷന്റെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ധൈര്യമുള്ളവർ തനിക്ക് വോട്ടു ചെയ്യട്ടേ എന്നതാണ് തരൂരിന്റെ ഇപ്പോഴത്തെ നിലപാട്.
ഹൈക്കമാൻഡ് ഇടപടെലാണ് പിന്നിലെന്ന് തരൂരിനെ അനുകൂലിക്കുന്നവർ കരുതുന്നു. എഐസിസിക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും പാർട്ടി ദേശീയ നേതൃത്വം ഖാർഖെക്കായി സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് വിലയിരുത്തൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്റെ മാർഗ്ഗ നിർദ്ദേശം തെറ്റിച്ചുള്ള സുധാകരന്റെ പരസ്യനിലപാടിൽ തരൂരിന് അതൃപ്തിയുണ്ട്. മാർഗ്ഗനിർദ്ദേശത്തിന് മുമ്പാണ് കെ.സുധാകരൻ പ്രസ്താവന ഇറക്കിയതെന്നാണ് കെപിസിസി മറുപടി. അങ്ങിനെ എങ്കിൽ മാർഗ്ഗ നിർദ്ദേശം വന്ന സാഹചര്യത്തിൽ സുധാകരൻ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂർ അനുകൂലികൾ ചോദിക്കുന്നു. കൊല്ലത്ത് എത്തിയ തരൂരിനെ മുതിർന്ന നേതാവ് ശൂരനാട് രാജശേഖരൻ അടക്കം സ്വീകരിക്കാൻ എത്തിയിരുന്നു.
തരൂരിന് പിന്തുണ നൽകുന്ന സംസ്ഥാനത്തെ യുവനേതാക്കളും കെപിസിസി അധ്യക്ഷന്റെ നിലപാടിനോട് യോജിപ്പില്ല. അതേ സമയം സുധാകരന്റെ പരസ്യപിന്തുണ തരൂരിന്റെ കേരളത്തിലെ കണക്ക് കൂട്ടൽ തെറ്റിക്കുന്നുണ്ട്. തരൂരിന് കൂടുതൽ കൂടുതൽ യുവാക്കൾ പിന്തുണ പ്രഖ്യാപിച്ച് വരുമ്പോഴാണ് സംസ്ഥാനത്തെ പിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും ഖാർഖെക്കായി രംഗത്തിറങ്ങുന്നത്. മുതിർന്നവരെ മറികടന്നാൽ പണിയാകുമോ എന്നാണ്. തരൂരിന് വേണ്ടി പ്രചാരണം ശക്തമാക്കാൻ ഒരുങ്ങിയ യുവാക്കളുടെ ആശങ്ക. ഇത് സൃഷ്ടിക്കാനാണ് ഖാർഖെയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത്.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ പിന്തുണയില്ലെങ്കിലും ശക്തമായ പ്രചാരണത്തിലൂടെ കളംപിടിക്കാനാണ് തരൂരിന്റെ നീക്കം. ഔദ്യോഗിക പക്ഷത്തെ ഭൂരിഭാഗം നേതാക്കളും പിന്നിൽ അണിനിരക്കുമ്പോൾ വിജയം അനായാസമെന്ന പ്രതീക്ഷയിൽ മല്ലികാർജുൻ ഖാർഖെ. 22 വർഷത്തിനു ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ കോൺഗ്രസ് ക്യാംപിൽ ആവേശം ഉയരുകയാണ്. 'നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയാണ് തരൂരിന്റെ പ്രചാരണം. ഒരു ദിവസം, ഒരു നഗരം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രചാരണ യാത്ര.
തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, രാജ്യത്തുടനീളമുള്ള വോട്ടർമാരെയെല്ലാം നേരിൽ കാണുക അസാധ്യമാണെങ്കിലും പരമാവധി സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള ഓട്ടത്തിലാണു തരൂർ. ഊർജം നിറഞ്ഞ പ്രസംഗം, യുവാക്കളെ സ്വാധീനിക്കുന്ന പ്രതിഛായ എന്നിവയാണു പ്രചാരണക്കളത്തിലെ കരുത്ത്. യുപി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ വിശദാംശങ്ങൾ ലഭിക്കുക എളുപ്പമല്ലാത്തതിനാൽ ഇവരെ കണ്ടെത്താനും വോട്ടഭ്യർഥിക്കാനും തരൂരിന്റെ സംഘാംഗങ്ങൾ അവിടെയെത്തിയിട്ടുണ്ട്.
പ്രചാരണത്തിൽ തരൂർ അതിവേഗം പായുമ്പോൾ മറുവശത്തുള്ള ഖർഗെ സാവധാനം നീങ്ങുകയാണ്. ദീപേന്ദർ ഹൂഡ, ഗൗരവ് വല്ലഭ് എന്നിവരടക്കമുള്ള ദേശീയ നേതാക്കൾ പാർട്ടി വക്താവ് പദവി രാജിവച്ചാണ് ഖർഖെയുടെ പ്രചാരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 'തരൂർ മുയലിനെ പോലെ കുതിക്കുകയാണ്. ഖർഖെ ആമയെ പോലെ സാവധാനം നീങ്ങി അന്തിമ വിജയം നേടും'-ഇതാണ് കോൺഗ്രസിലെ ഹൈക്കമാണ്ട് നേതാക്കൾ പറയുന്നത്.
ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പരിവേഷം ഖർഖെയ്ക്കുണ്ടെങ്കിലും കോൺഗ്രസ് ചരിത്രത്തിലെ 2 സംഭവങ്ങളിൽ ഔദ്യോഗിക സ്ഥാനാർത്ഥി തോറ്റു. 1939 ൽ മഹാത്മാ ഗാന്ധിയുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പട്ടാഭി സീതാരാമയ്യയെ സുഭാഷ് ചന്ദ്രബോസ് തോൽപിച്ചു.1950 ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ സ്ഥാനാർത്ഥി ആചാര്യ കൃപലാനി എതിരാളിയായ പുരുഷോത്തം ദാസ് ടണ്ഠനോടു തോറ്റു. ഇത് വീണ്ടും ആവർത്തിക്കാനാകുമെന്നതാണ് തരൂരിന്റെ പ്രതീക്ഷ.
എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി പദവികളിലിരിക്കുന്നവർ പരസ്യ നിലപാടെടുക്കുന്നത് ശരിയില്ലെന്ന് സ്ഥാനാർത്ഥി ശശി തരൂർ പറയുന്നു. സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നാണ് കരുതുന്നതെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടിപദവികളിലിരിക്കുന്നവർ പരസ്യ നിലപാടെടുക്കരുതെന്ന് സർക്കുലറുണ്ടെന്നും അതുകൊണ്ട് സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും അതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ നേതാക്കന്മാരുടെ പിന്തുണ ഞാൻ പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പ്രവർത്തകരുടെ പിന്തുണയുണ്ട്. അവർ വിളിക്കുന്നുണ്ട്. പിന്തുണ അറിയിക്കുന്നുണ്ട്. യുവ നേതാക്കളും കൂടെയുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
പ്രതിനിധികളുടെ ഫോൺ നമ്പറുകൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും ബുധനാഴ്ച കിട്ടുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാണാവുന്നവരെ മുഴുവൻ കാണാനും വിളിക്കാവുന്നവരെ വിളിക്കാനുമാണ് ശ്രമിക്കുന്നത്. പ്രതിനിധികൾ എങ്ങിനെ വോട്ട് ചെയ്യുന്നുവെന്ന് കാത്തിരുന്ന് കാണാമെന്നും ശശി തരൂർ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ