- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ പരിഹസിച്ച് ശശി തരൂർ
ന്യൂഡൽഹി ദൈവമാണ് തന്നെ ഭൂമിയിലേക്ക് അയച്ചതെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ എന്ന് തരൂർ ചോദിച്ചു.
"ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം" തരൂർ പരിഹസിച്ചു.
'അമ്മ ജീവിച്ചിരുന്നപ്പോൾ, ഏതൊരാളെയും പോലെ ജീവശാസ്ത്രപരമായാണ് ഞാനും ജനിച്ചത് എന്നാണ് വിശ്വസിച്ചിരുന്നത്. അമ്മ മരിച്ചശേഷം, എന്റെ ജീവിതത്തിലെ അനുഭവങ്ങൾ പരിശോധിച്ചപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി.' - തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എങ്ങനെ ഇത്ര സജീവമായി എന്ന ഒരു ചാനൽ അഭിമുഖത്തിലെ ചോദ്യത്തിനാണ് മോദി ഇങ്ങനെ പ്രതികരിച്ചത്. 'എന്റെ ഊർജ്ജം എന്റെ ശരീരത്തിൽ നിന്നുള്ളതല്ല, അത് ദൈവം നൽകിയതാണ്. ലക്ഷ്യം നേടാൻ ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഒരു ഉപകരണമാണ് ഞാൻ. എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം,' മോദിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേർ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
മോദി പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കിൽ ജനങ്ങൾ അയാളെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരിഹസിച്ചിരുന്നു.