- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ പൊങ്കൽ ക്ഷണക്കത്തിൽ തമിഴ്നാടിന് പകരം തമിഴകം; എരിതീയിൽ എണ്ണ ഒഴിച്ച് കത്തിൽ കേന്ദ്രസർക്കാർ മുദ്രകൾ മാത്രം; ബിജെപി-ആർഎസ്എസ് അജണ്ട ആരോപിച്ച് ആർ എൻ രവിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഡിഎംകെ സർക്കാർ; പലയിടത്തും ഗെറ്റ് ഔട്ട് രവി പോസ്റ്ററുകൾ
ചെന്നൈ: തമിഴ്നാട്ടിൽ, ഗവർണർ-സംസ്ഥാന സർക്കാർ പോരിന് പുതിയ മാനം നൽകി, തമിഴകം വിവാദം. സംസ്ഥാനത്തിന് കൂടുതൽ ചേരുന്ന പേര് തമിഴകമാണെന്ന് ഗവർണർ ആർ എൻ രവി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൊങ്കലിന് ക്ഷണിച്ച് കൊണ്ട് രാജ്ഭവനിൽ നിന്നയച്ച കത്തിൽ, തമിഴ്നാടിന് പകരം തമിഴകം എന്ന് കൂടി ഉപയോഗിച്ചതോടെ, ഡിഎംകെ സർക്കാർ ആകെ ചൊടിച്ചിരിക്കുകയാണ്. എന്നാൽ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ തമിഴ്നാട് എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
തമിഴിൽ ഉള്ള കത്തിൽ സർക്കാറിന്റെ മുദ്രയും മറ്റും ഒഴിവാക്കി, കേന്ദ്ര സർക്കാറിന്റെ മുദ്ര മാത്രം ഉൾക്കൊള്ളിച്ചതും എരിതീയിൽ എണ്ണ ഒഴിക്കും പോലെയായി.നേരത്തെ തന്നെ തമിഴകം എന്ന പേരിന് വേണ്ടി ഗവർണർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അത് ബിജെപി അജണ്ടയാണെന്നും ഗവർണറെ പുറത്താക്കണമെന്നുമായിരുന്നു സർക്കാർ നിലപാട്.
രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുന്ന കാര്യത്തിന് തമിഴ്നാട് എതിര് പറയും. അതൊരു ശീലമായിരിക്കുകയാണ്. നിരവധി കെട്ടുകഥകൾ എഴുതപ്പെട്ടിട്ടുണ്ട്. അവയെല്ലാം തകർത്ത് സത്യം പുറത്തുകൊണ്ടു വരണം. തമിഴകം എന്ന വാക്കാണ് ഏറ്റവും അനുയോജ്യം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ ദീർഘകാലം വിദേശികളുടെ കൈവശമായതിനാൽ വളരെ ബുദ്ധിമുട്ടിയിരുന്നു. തമിഴ്നാട് എന്നാൽ തമിഴരുടെ രാജ്യം എന്നർഥം. തമിഴകം എന്നാൽ തമിഴരുടെ വാസസ്ഥലം എന്നാണ് അർഥമാക്കുന്നത്. അതാണ് ഈ പ്രദേശത്തിന്റെ പൂർവിക നാമവും എന്ന് കഴിഞ്ഞ ആഴ്ച ഒരു പരിപാടിയിൽ ഗവർണർ പ്രസംഗിച്ചിരുന്നു.
ഗെറ്റ് ഔട്ട് രവി പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ഇറങ്ങി പോയതാണ് മറ്റൊരു സംഭവം. സർക്കാർ തയ്യാറാക്കിയ പ്രസംഗം മാത്രമേ വായിക്കാവു എന്ന പ്രമേയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ചതോടെയാണ് ഗവർണറുടെ ഇറങ്ങിപ്പോക്ക്. ഗവർണർ കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഒഴിവാക്കണം, ഒഴിവാക്കിയവ ചേർക്കണം എന്നിങ്ങനെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ സ്പീക്കറോട് ആവശ്യപ്പെട്ടത്. സർക്കാർ തയ്യാറാക്കിയ യഥാർത്ഥ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സഭ പിന്നീട് പാസാക്കുകയും ചെയ്തു. ദേശീയ ഗാനം ആലപിക്കുന്നതിന് പോലും കാത്തുനിൽക്കാതെ ആയിരുന്നു ഗവർണർ ആർ എൻ രവിയുടെ ഇറങ്ങിപ്പോക്ക്.
മതേതരത്വത്തെ പരാമർശിക്കുന്ന ഭാഗങ്ങളും, പെരിയാർ, അംബേദ്കർ, കെ കാമരാജ്, കരുണാനിധി എന്നീ നേതാക്കളെ പരാമർശിക്കുന്ന ഭാഗങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചില്ല. ഭരണകക്ഷിയായ ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മാതൃകയെ കുറിച്ചുള്ള പരാമർശവും ഒഴിവാക്കി. ഇതോടെ, സഭാ പാരമ്പര്യത്തിന് വിരുദ്ധമാണ് ഗവർണറുടെ നടപടിയെന്ന് സ്റ്റാലിൻ പ്രമേയത്തിൽ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വെട്ടിയതും ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. സർക്കാർ തയ്യാറാക്കിയ പ്രസംഗം വായിക്കണമെന്ന് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടതോടെയാണ് ഗവർണർ ഇറങ്ങിപ്പോയത്.
ഡിഎംകെ സഖ്യകക്ഷികളായ കോൺഗ്രസും, വിസികെ, സിപിഐ, സിപിഎം എന്നിവ ഗവർണറുടെ പ്രസംഗം ബഹിഷ്കരിച്ചു. നിയമങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ വരുന്ന കാലതാമസമാണ് കക്ഷികളെ ചൊടിപ്പിച്ചത്. സംസ്ഥാന സർവകലാശാലകളിൽ വിസിമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം എടുത്തുകളയുന്ന ബില്ലിനും, ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്ന ബില്ലിനും ഇതുവരെ ഗവർണർ അംഗീകാരം നൽകിയിട്ടില്ല. 21 ബില്ലുകളാണ് ഗവർണറുടെ അനുമതി കാത്തുകിടക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് പുറത്തുപോകൂ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും സഭയിൽ മുഴങ്ങി. ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കരുത് എന്നും ഡി എം കെ എംഎൽഎമാർ മുദ്രാവാക്യം വിളിച്ചു. നിയമസഭയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഗവർണർ ആർ.എൻ രവിക്കെതിരെ പോസ്റ്ററുകൾ. രവി പുറത്തുപോവുക എന്ന കുറിപ്പ് അടങ്ങിയ പോസ്റ്ററുകൾ ചെന്നൈയിലെ വള്ളുവർ കോട്ടം, അണ്ണ ശാല എന്നിവിടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.
തമിഴ്നാടിനേക്കാൾ നല്ലത് തമിഴകമാണെന്ന ഗവർണറുടെ പരാമർശത്തിനെതിരെ സഭ ചേർന്നത് മുതൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. എത്രയും വേഗം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.
ഗവർണർ സ്ഥിരമായി വിവാദ പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പവും, വിഭാഗീയതയും സംഘർഷവും ഉണ്ടാക്കുകയാണെന്ന് ഡി എം കെ എംപി ടി ആർ ബാലു കുറ്റപ്പെടുത്തി.50 വർഷത്തെ ദ്രാവിഡ രാഷ്ട്രീയം ജനങ്ങളെ വഞ്ചിക്കുക ആയിരുന്നുവെന്ന പ്രസ്താവനയും ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നിന്നാണ് ആർ എൻ രവി ഇത് പറയേണ്ടത്, രാജ്ഭവനിൽ നിന്നല്ല എന്നും ടി ആർ ബാലു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ