- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും
കൊൽക്കത്ത: അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസിന് ബംഗാളിൽ തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം ഇല്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് രംഗത്തുവന്നത്. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജിയും ഈ നിലപാട് എടുത്തിരുന്നു.
ഉത്തർപ്രദേശിലും ഡൽഹിയിലും സീറ്റ് വിഭജന ചർച്ച വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസിനു ബംഗാളിലെ തൃണമൂലിന്റെ നിലപാട് തിരിച്ചടിയാകും. ബംഗാളിൽ 42 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബിജെപി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്നു. തൃണമൂലും കോൺഗ്രസും തമ്മിൽ വാക്‌പോര് കടുക്കുന്നതിനിടെയാണ് അഭിഷേകിന്റെ പ്രഖ്യാപനം.
ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് മമത ആവർത്തിക്കുമ്പോൾ, സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നാണു കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറയുന്നത്. എന്നാൽ ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ബംഗാൾ കോൺഗ്രസ് പ്രസിഡന്റും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടത്. കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് മമത കൃത്യമായ ഉത്തരം നൽകണമെന്നും അധീർ പറഞ്ഞിരുന്നു.
ബിജെപിയെ വീഴ്‌ത്താൻ ലക്ഷ്യമിട്ടു പ്രതിപക്ഷ 'ഇന്ത്യ' മുന്നണി കെട്ടിപ്പടുക്കാൻ ഒപ്പംനിന്ന തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെന്നത് അടക്കം മുന്നണിയുടെ മുന്നോട്ടു പോക്കിനെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ 42 സീറ്റിലും മത്സരിക്കുമെന്നു തൃണമൂൽ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.
"ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് എന്റെ ആഗ്രഹം. ഇതിനകംതന്നെ സിപിഎമ്മുമായി സംസാരിച്ചിട്ടുണ്ട്. ആരെങ്കിലും തൃണമൂലുമായി ചർച്ച നടത്തിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒറ്റയ്ക്കു മത്സരിക്കുമെന്നു തൃണമൂൽ നേരത്തേ പ്രഖ്യാപിച്ചതാണ്" അധീർ പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ പേരിൽ ആരംഭിച്ച അഭിപ്രായവ്യത്യാസം തർക്കത്തിലേക്കു വഴിമാറിയതോടെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ മാസം മമത പ്രഖ്യാപിച്ചത്.
ഇതാദ്യമായാണു തൃണമൂലിനോടു താൽപര്യമില്ലെന്നും ഇടതുപക്ഷത്തിനൊപ്പം ചേർന്നു തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അധീർ പറയുന്നത്. ഹൈക്കമാൻഡിനെയും ഈ നിലപാട് അധീർ അറിയിച്ചെന്നാണു സൂചന. സഖ്യചർച്ചയിൽ പുരോഗതിയൊന്നും ഇല്ലെന്നാണു തൃണമൂലിന്റെ നിലപാട്. വാക്‌പോരിൽ കോൺഗ്രസ് പരമാവധി സംയമനം പാലിക്കുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ ഉൾപ്പെടെ രൂക്ഷവിമർശനവുമായി മമത രംഗത്തെത്തിയിരുന്നു. ഇതോടയാണ് സഖ്യചർച്ച വഷളായത്.