- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം അടിമകളെപ്പോലെ; അവർ ചാണകം പോലും തിന്നുന്നു; ജനാധിപത്യത്തിന് അപകടം'; ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ; ജനങ്ങൾ കൂടെ നിൽക്കുമെന്ന് ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന്റെ അടിമയാണെന്നും കമ്മിഷന്റെ തീരുമാനം ജനാധിപത്യത്തിന് അപകടമാണെന്നും ഉദ്ധവ് താക്കറെ വിമർശിച്ചു.
'തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിച്ചു. മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് പാർട്ടി ചിഹ്നത്തിൽ തീരുമാനം എടുത്തത്. രണ്ട് മാസത്തിനുള്ളിൽ അവർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. ഞങ്ങൾക്ക് സുപ്രീംകോടതിയിൽ വിശ്വാസമുണ്ട്. ഷിൻഡെ വിഭാഗത്തിനൊപ്പമുള്ള 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ ഹർജിയിൽ സുപ്രീംകോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടി ചിഹ്നം ആർക്കെന്ന കാര്യത്തിൽ തീരുമാനം എടുക്കരുതെന്ന് ഞങ്ങൾ കോടതിയിൽ വാദിച്ചിരുന്നു. ' താക്കറെ ചൂണ്ടിക്കാട്ടി
''ഡൽഹിയിലുള്ളവർ മുംബൈയെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധുത തീരുമാനിക്കുന്നത് അതിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാണ്. അതല്ലാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അടിസ്ഥാനമാക്കി എങ്ങനെ തീരുമാനിക്കും?' താക്കറെ ചോദിച്ചു.
''വെള്ളിയാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തുന്നതിനു മുൻപേ തന്നെ, ഷിൻഡെ വിഭാഗത്തിന് അനുകൂലമായിരിക്കും തീരുമാനമെന്ന് ഒരു ബിജെപി നേതാവും കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വരും മുൻപേ അവർ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്? ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഇതിൽ വ്യക്തമല്ലേ? അടിമകളെപ്പോലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം. രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവനുസരിച്ച് അവർ ചാണകം പോലും തിന്നുന്നു' താക്കറെ വിമർശിച്ചു.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പേരും ചിഹ്നവും ഷിൻഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെ സ്ഥാപിച്ച പാർട്ടിയാണ് ശിവസേന.
അതേസമയം, ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് പാർട്ടി ചിഹ്നമായ അമ്പും വില്ലും നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പുതിയ ചിഹ്നം ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് വന്നതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അംഗീകരിക്കാൻ ഉദ്ധവ് താക്കറെയോട് ശരദ് പവാർ ആവശ്യപ്പെട്ടു. ''തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുത്താൽ പിന്നെ അതിൽ ചർച്ചയില്ല. അത് അംഗീകരിച്ച് പുതിയ ചിഹ്നം ഏറ്റെടുക്കൂ. പഴയ ചിഹ്നം നഷ്ടമായതുകൊണ്ട് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. വിഷയം 15 - 30 ദിവസത്തേക്ക് ചർച്ചയാകുമെന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. ജനങ്ങൾ പുതിയ ചിഹ്നം അംഗീകരിക്കും' ശരദ് പവാർ പറഞ്ഞു
രണ്ട് കാളകളും നുകവും എന്നതിൽ നിന്ന് കോൺഗ്രസിന്റെ ചിഹ്നം മാറ്റേണ്ടിവന്നത് ശരദ് പവാർ ഓർത്തെടുത്തു. കോൺഗ്രസിന്റെ പുതിയ ചിഹ്നം സ്വീകരിച്ചതുപോലെ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പുതിയ ചിഹ്നവും ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയും ഇതുപോലുള്ള സാഹചര്യം നേരിട്ടതായി താൻ ഓർക്കുന്നു. കോൺഗ്രസിന് 'നുകവും രണ്ട് കാളകളും' ചിഹ്നം ഉണ്ടായിരുന്നു. പിന്നീട് അവർക്ക് അത് നഷ്ടപ്പെട്ടു, 'കൈ' പുതിയ ചിഹ്നമായി സ്വീകരിക്കേണ്ടി വന്നു. പക്ഷേ, ആളുകൾ അത് സ്വീകരിച്ചു. അതുപോലെ ഉദ്ധവ് താക്കറേ വിഭാ?ഗത്തിന്റെ പുതിയ ചിഹ്നവും ജനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ