ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ, ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം വർദ്ധിച്ചേക്കും. 50 ശതമാനത്തോളം വോട്ട് വിഹിതം നിലനിർത്തി കൊണ്ട് 70 സീറ്റിനടുത്ത് ബിജെപി സ്വന്തമാക്കിയേക്കുമെന്ന് ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലത്തിൽ പറയുന്നു. 2019 ൽ ബിജെപി 62 സീറ്റും, സഖ്യകക്ഷിയായ അപ്‌നാദൾ എസ് രണ്ടു സീറ്റും നേടിയിരുന്നു.

ആകെ 52 ശതമാനം വോട്ട് എൻഡിഎ നേടാനാണ് സാധ്യത. അനുപ്രിയ പട്ടേലിന്റെ അപ്‌നാദൾ എസിന്റെ പിന്തുണയോടെ 72 സീറ്റ് എൻ ഡി എ നേടിയേക്കും.

സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലത്തിലും സർവേ നടത്തിയിരുന്നു. 35,801 പേരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂഡ് ഓഫ് ദി നേഷൻസ് ഫെബ്രുവരി 2024 പതിപ്പ്. 2023 ഡിസംബർ 15നും 2024 ജനുവരി 28നും ഇടയിലാണ് സർവേ നടന്നത്. അതിനാൽ കഴിഞ്ഞ കുറച്ച് നാളുകളിൽ ഉണ്ടായ സംഭവവികാസങ്ങൾ കണക്കിലെടുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ സഖ്യം പത്ത് സീറ്റിന് താഴെ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. സമാജ്വാദി പാർട്ടിക്ക് ഏഴ് സീറ്റ് കിട്ടുമെന്നും കോൺഗ്രസിന് ഒരെണ്ണം മാത്രം കിട്ടുമെന്നുമാണ് പറയുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റുകളിൽ 15ഉം അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി നേടിയിരുന്നു. 39 ശതമാനം വോട്ടുകൾ നേടി. എന്നാൽ ഇത്തവണ അത് മുപ്പതിൽ ഒതുങ്ങുമെന്നാണ് പ്രവചനം.

മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി പൂജ്യത്തിലെത്തിയേക്കുമെന്നും സർവേ പറയുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 351 സീറ്റുകളായിരുന്നു നേടിയത്. ബിജെപിക്ക് മാത്രം 303 സീറ്റുകൾ കിട്ടി.