- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ തൃണമൂലും, പഞ്ചാബിൽ എഎപിയും കോൺഗ്രസിനോട് ഉടക്കിട്ടു; യുപിയിൽ സീറ്റുചർച്ചകൾക്കിടെ ഏകപക്ഷീയമായി ഭാര്യയടക്കം 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി; കോൺഗ്രസിന്റെ പച്ചക്കൊടി ആവശ്യമില്ലെന്ന് അഖിലേഷ് തുറന്നടിച്ചതോടെ ഇന്ത്യ സഖ്യം നേരിടുന്നത് കനത്ത തിരിച്ചടി
ന്യൂഡൽഹി: നിതീഷ് കുമാറിന്റെ മറുകണ്ടം ചാടലിന് പിന്നാലെ ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. കോൺഗ്രസുമായി സീറ്റ് പങ്കിടൽ ചർച്ച പുരോഗമിക്കുന്നതിനിടെ, സമാജ് വാദി പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തന്റെ പാർട്ടിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുമെന്നും അതിന് കോൺഗ്രസിന്റെ പച്ചക്കൊടി ആവശ്യമില്ലെന്നും എസ്പി മേധാവി അഖിലേഷ് യാദവ് പറഞ്ഞു.
സീറ്റ് പങ്കിടൽ ചർച്ചകളിൽ ബംഗാളിൽ മമതയുടെ തൃണമൂലിൽ നിന്നും പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ എഎപിയിൽ നിന്നും കോൺഗ്രസ് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെ മഹാസഖ്യ സർക്കാരിനെ താഴെയിറക്കി, നിതീഷ് കുമാർ ബിജെപിക്കൊപ്പം പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു.
16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിലൂടെ, യുപിയിൽ തങ്ങളുമായി സഖ്യം വേണമെങ്കിൽ, എസ്പി തരുന്നത് സ്വീകരിക്കണമെന്ന സന്ദേശമാണ് അഖിലേഷ് നൽകുന്നത്. തങ്ങൾ തീരുമാനിക്കുന്നത് പോലെ മാത്രമേ യുപി സഖ്യത്തിൽ കാര്യങ്ങൾ നടക്കു എന്നുതന്നെയാണ് വ്യക്തമായ സൂചന.
80 സീറ്റുള്ള യുപിയിൽ കോൺഗ്രസിന് 11 സീറ്റാണ് അഖിലേഷ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2019 ൽ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലായിരുന്ന എസ്പി മര്യാദയുടെ പേരിൽ അമേഠിയിലും, റായ്ബറേലിയിലും മത്സരിച്ചിരുന്നില്ല. ഇന്നുപ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും സ്ഥാനാർത്ഥിയാണ്. യാദവ് കുടുംബത്തിന്റെ കോട്ടയായ മെയിൻപുരിയിൽ നിന്നാണ് ഡിംപിൾ മത്സരിക്കുന്നത്.
ഷാഫിഖർ റഹ്മാൻ ബാർഖ് (സംഭൽ), രവിദാസ് മെഹ്റോത്ര (ലക്നൗ), അഖിലേഷ് യാദവ് (ഫിറോസാബാദ്), ദേവേശ് ശാഖ്യ (എട്ട), ധർമേന്ദ്ര യാദവ് (ബുദായം), ഉത്കർഷ് വർമ (ഖേരി) തുടങ്ങിയ പ്രമുഖരും സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി.
ബംഗാളിൽ മമത ബാനർജി രണ്ടുസീറ്റിൽ കൂടുതൽ തരില്ലെന്നാണ് കോൺഗ്രസിനോട് വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസിനോട് കഴിഞ്ഞ തവണത്തെ ഫലങ്ങൾ വിലയിരുത്താനാണ് മമത ആവശ്യപ്പെട്ടത്. അഖിലേഷും സമാനരീതിയിൽ പ്രതികരിച്ചിരുന്നു. യുപിയിൽ കഴിഞ്ഞ തവണ 62 സീറ്റ് പിടിച്ചെടുത്ത ബിജെപിക്ക് ആഹ്ലാദം പകരുന്ന വാർത്തകളാണ് ഇന്ത്യാ സഖ്യത്തിൽ നിന്ന് കേൾക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ